കൈകൾ കെട്ടിയിട്ട് ഇലക്ട്രിക് ഡിറ്റനേറ്റര്‍ ഘടിപ്പിച്ച മൊബൈല്‍ വായില്‍ തിരുകി; ദര്‍ഷിത കൊല്ലപ്പെട്ടത് താടിയെല്ലും മുഖവുമടക്കം തകര്‍ന്ന്...
text_fieldsസിദ്ധരാജു
ഇരിക്കൂര്‍: കര്‍ണാടക ഹുന്‍സൂര്‍ സാലിഗ്രാമിലെ ലോഡ്ജില്‍ ഇരിക്കൂര്‍ കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി. സുഭാഷിന്റെ ഭാര്യ ദര്‍ഷിതയെ (22) കൊലപ്പെടുത്തിയത് അതിക്രൂരമായി. ഡിറ്റനേറ്റര്‍ ഘടിപ്പിച്ച ഫോണ്‍ വായില്‍ തിരുകി പൊട്ടിത്തെറിപ്പിക്കുകയാണ് പ്രതി മൈസൂരു പെരിയപട്ടണം സ്വദേശി സിദ്ധരാജു (21) ചെയ്തത്.
സിദ്ധരാജുവിന്റെ പ്രേരണയെ തുടര്‍ന്നാണ് ഭര്‍തൃവീട്ടില്‍നിന്ന് 30 പവനും നാലുലക്ഷം രൂപയും കൈക്കലാക്കി ദര്‍ഷിത നാടുവിട്ടത്. ദര്‍ഷിതയുടെ ഭര്‍ത്താവ് സുഭാഷ് വിദേശത്താണ്. കഴിഞ്ഞ 22ന് രാവിലെയാണ് കല്യാട്ടെ വീട്ടില്‍ നിന്ന് ഹുന്‍സൂര്‍ ബിലിക്കരെയിലെ സ്വന്തം വീട്ടിലേക്ക് രണ്ടര വയസ്സുള്ള മകള്‍ക്കൊപ്പം ദര്‍ഷിത പോയത്. അന്ന് വൈകീട്ടാണ് കവര്‍ച്ച നടന്ന കാര്യം ഭര്‍തൃമാതാവിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
സിദ്ധരാജു ദര്ഷിതയില്നിന്ന് വായ്പ വാങ്ങിയിരുന്ന 80,000 രൂപ, ഭര്‍ത്താവ് നാട്ടില്‍ വരുന്നതിനാല്‍ ദര്‍ഷിത തിരികെ ആവശ്യപ്പെട്ടിരുന്നുവത്രെ. ഇതോടെ ദര്‍ഷിതയെ ഒഴിവാക്കി അവരുടെ പണവും സ്വര്‍ണവും കൈക്കലാക്കാൻ സിദ്ധരാജു പദ്ധതിയിട്ടുവെന്നാണ് പൊലീസ് നിഗമനം. മകളെ വീട്ടിലാക്കി പോയ ദര്‍ഷിത പിറ്റേദിവസം രാവിലെ സിദ്ധരാജുവിനൊപ്പം സാലിഗ്രാമിലെ ലോഡ്ജില്‍ മുറിയെടുത്തു. മുറിയില്‍ നിന്ന് സിദ്ധരാജു പുറത്തേക്ക് പോയശേഷം പെട്ടെന്ന് തിരിച്ചെത്തി മുറിയുടെ വാതില്‍ തുറക്കാനാവുന്നില്ലെന്ന് ജീവനക്കാരോട് പറഞ്ഞു. വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് ദര്‍ഷിത മരിച്ചുകിടക്കുന്നത് കണ്ടത്. മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചാണ് മരണമെന്നുപറഞ്ഞ് ദര്‍ഷിതയുടെ മൃതദേഹമെടുത്ത് പുറത്തേക്ക് പോകാന്‍ സിദ്ധരാജു ശ്രമിച്ചു.
സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ ഇയാളെ തടഞ്ഞുവെച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കര്‍ണാടക പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ക്രൂരതയുടെ ചുരുളഴിഞ്ഞത്. ലോഡ്ജിലെ മുറിയിലെത്തിയയുടന്‍ സിദ്ധരാജു കഴുത്തുഞെരിച്ച് ദര്‍ഷിതയെ അബോധാവസ്ഥയിലാക്കി കൈ രണ്ടും കെട്ടിയിട്ട് ഇലക്ട്രിക് ഡിറ്റനേറ്റര്‍ ഘടിപ്പിച്ച മൊബൈല്‍ ഫോണ്‍ വായില്‍ തിരുകിവെക്കുകയായിരുന്നു. മൊബൈല്‍ ഫോണിന്റെ വയര്‍ ഇലക്ട്രിക് പ്ലഗില്‍ ഘടിപ്പിക്കുകയും ചെയ്തു. ഇതിന്റെ സ്വിച്ചിട്ടയുടന് സിദ്ധരാജു പുറത്തേക്ക് കടക്കുകയും ഡിറ്റനേറ്റര്‍ പൊട്ടിത്തെറിച്ച് താടിയെല്ലും മുഖവുമടക്കം തകര്‍ന്ന് ദര്‍ഷിത കൊല്ലപ്പെടുകയുമായിരുന്നു. ഹാര്‍ഡ് വെയര്‍ ആൻഡ് ഇലക്ട്രിക്കല്‍ ഷോപ്പില്‍ ജീവനക്കാരനാണ് സിദ്ധരാജു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.