പെർമിറ്റിന് അലയേണ്ട; ഇൗ കെട്ടിടങ്ങളിനി സ്വയം സാക്ഷ്യപ്പെടുത്തി നിർമിക്കാം
text_fieldsതിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റിന് ഇനിമുതൽ ഓഫിസുകൾ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് കൈയിൽ കിട്ടും. ഉടമയെ വിശ്വാസത്തിലെടുത്തുകൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടികൾക്ക് തുടക്കമായി. ലോ റിസ്ക് ഗണത്തിലുള്ള 300 ച. മീറ്റർവരെ വിസ്തൃതിയുള്ള ഗാർഹിക കെട്ടിടങ്ങൾ, 100 ച. മീറ്റർവരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ച. മീറ്റർവരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, മതപരമായ കെട്ടിടങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവക്കാണ് സ്വയം സാക്ഷ്യപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ പെർമിറ്റ് നൽകുക.
കെട്ടിട അടിസ്ഥാനം പൂർത്തിയായിക്കഴിയുമ്പോൾ സ്ഥലപരിശോധന നടത്തും. നിർമാണത്തിൽ ചട്ടലംഘനമുണ്ടെങ്കിൽ തുടക്കത്തിൽതന്നെ കണ്ടെത്താനും സാധിക്കും. എം പാനൽഡ് ലൈസൻസികളാണ് ഇതിന് നടപടികൾ സ്വീകരിക്കേണ്ടത്. ലോ റിസ്ക് വിഭാഗ കെട്ടിട നിർമാണത്തിനായി പെർമിറ്റുകൾ നിശ്ചിത ഫോമിൽ ലൈസൻസികൾ തയാറാക്കി ആവശ്യമായ ഫീസ് അടച്ച് തദ്ദേശസ്ഥാപനത്തിൽ പ്ലാനുകൾ ഉൾപ്പെടെ നൽകണം. അപേക്ഷ ലഭിച്ചെന്ന് ബന്ധപ്പെട്ട തദ്ദേശ സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നതോടെ നിർമാണത്തിന് പെർമിറ്റ് ലഭിച്ചതായി കണക്കാക്കും. അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനുള്ളിൽ സെക്രട്ടറി നടപടി പൂർത്തിയാക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ പെർമിറ്റിൽ അപേക്ഷകൻതന്നെ രേഖപ്പെടുത്തിയ തീയതിയിൽ നിർമാണം ആരംഭിക്കാം.
പെർമിറ്റ് ലഭിക്കുന്നതിന് തദ്ദേശസ്ഥാനങ്ങളിൽ നിലവിെല വിവിധതല പരിശോധനകളും നടപടിക്രമങ്ങളും ഒഴിവാകും. വേഗത്തിൽ കെട്ടിടനിർമാണം ആരംഭിക്കാനാകും. സ്വയം സാക്ഷ്യപ്പെടുത്തലിനുള്ള കെട്ടിട നിർമാണ അപേക്ഷ കെട്ടിട നിർമാണ ചട്ടങ്ങൾക്കും മറ്റും ബാധകമായ ചട്ടങ്ങൾക്കും വിധേയമായിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.