കൊച്ചിയിലെത്തിയ ബണ്ടി ചോറിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു
text_fieldsബണ്ടി ചോർ
കൊച്ചി: കൊച്ചിയിലെത്തിയ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഡൽഹിയിൽനിന്ന് ട്രെയിനിൽ എത്തിയപ്പോഴാണ് ബണ്ടി ചോർ എന്നറിയപ്പെടുന്ന ദേവീന്ദർ സിങ്ങിനെ എറണാകുളം സൗത്ത് റെയിൽവേ പൊലീസ് തിങ്കളാഴ്ച രാവിലെ കസ്റ്റഡിയിൽ എടുത്തത്. സംശയാസ്പദ സാഹചര്യത്തിൽ കരുതൽ തടങ്കൽ എന്ന നിലയിലാണ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ കേരളത്തിൽ നിലവിൽ ഇയാൾക്കെതിരെ കേസുകളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ പിന്നീട് വിട്ടയച്ചു.
തൃശൂരിലെ കവർച്ച കേസുമായി ബന്ധപ്പെട്ട് അഭിഭാഷകൻ ബി.എ. ആളൂരിനെ കാണാനാണ് എത്തിയതതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ആളൂർ മരിച്ചതറിയാതെയായിരുന്നു വരവ്. ഈ കേസിൽ ഇയാളെ വെറുതെവിട്ടിരുന്നു. കോടതിയിലുള്ള മൊബൈൽ ഫോണും ബാഗും വിട്ടുകിട്ടുന്നതിന് അഭിഭാഷകനെ കാണുകയായിരുന്നു കൊച്ചിയിലേക്കുള്ള വരവിന്റെ ലക്ഷ്യം. മുൻകരുതലെന്ന നിലയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. വസ്ത്രങ്ങളടങ്ങിയ ഒരു ബാഗ് കൈവശമുണ്ടായിരുന്നു. എന്നാൽ, സംശയിക്കത്തക്ക സാമഗ്രികളൊന്നും കണ്ടെടുത്തിട്ടില്ല. ബണ്ടി ചോറിനെ മുമ്പ് ആലപ്പുഴയിൽ കണ്ടെന്ന വിവരത്തെത്തുടർന്ന് പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഹൈടെക് മോഷ്ടാവായി കുപ്രസിദ്ധി നേടിയ ഇയാൾ നൂറുകണക്കിന് കവര്‍ച്ച കേസുകളില്‍ പ്രതിയായിട്ടുണ്ട്. 2013 ജനുവരിയില്‍ തിരുവനന്തപുരം മരപ്പാലത്ത് പ്രവാസി വ്യവസായിയുടെ വീട്ടിൽനിന്ന് 28 ലക്ഷം രൂപ വിലമതിക്കുന്ന കാറും ലാപ്ടോപ്പും മൊബൈൽ ഫോണുകളുമായി ഇയാൾ കടന്നിരുന്നു. ഈ കേസിൽ പുണെയിലെ ഹോട്ടലിൽനിന്ന് പിടിയിലായ ബണ്ടി ചോർ പത്തുവര്‍ഷത്തോളം ശിക്ഷ കഴിഞ്ഞ് 2023ലാണ് പുറത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

