സ്ലീപ്പറുകൾ വെട്ടി പകരം എ.സി കോച്ചുകൾ, റെയിൽവേ കൊയ്യുന്നത് കോടികൾ
text_fieldsതിരുവനന്തപുരം: മിതമായ നിരക്കിൽ സഞ്ചരിക്കാമായിരുന്ന സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് പകരം ഉയർന്ന നിരക്കുള്ള എ.സി കോച്ചുകൾ ഏർപ്പെടുത്തി റെയിൽവേ കൊയ്യുന്നത് കോടികൾ. 2024-25ൽ യാത്രക്കാരിൽനിന്ന് ആകെ കിട്ടിയ വരുമാനമായ 80,000 കോടി രൂപയിൽ 38 ശതമാനം (30,089 കോടി) എ.സി കോച്ചുകളിൽ നിന്നാണ്. 2019-20ൽ 12,370 കോടി രൂപയായിരുന്നു എ.സി കോച്ചുകളിൽ നിന്നുള്ള വരുമാന വിഹിതം. 2024-25ൽ ഇത് 30,089 കോടി രൂപയായി. യാത്രക്കാരുടെ എണ്ണം 11 കോടിയിൽനിന്ന് അഞ്ചുവർഷം കൊണ്ട് വർധിച്ചത് 26 കോടിയിലേക്ക്.
കോവിഡിന് ശേഷമാണ് വരുമാനത്തിൽ മാത്രം കണ്ണുവെച്ച് സാധാരണക്കാരുടെ ദീർഘദൂര യാത്രാശ്രയമായ സ്ലീപ്പർ കോച്ചുകൾ വ്യാപകമായി വെട്ടിയത്. ഇതോടെ എ.സി ടിക്കറ്റുകൾക്ക് യാത്രക്കാർ നിർബന്ധിതരായി. എ.സി ക്ലാസുകളിൽ നിരക്ക് വർധനയുമുണ്ടായി. ഇതെല്ലാം എ.സി വരുമാനത്തിലും പ്രതിഫലിക്കുകയാണ്.
കോവിഡിന് മുൻപ് സ്ലീപ്പർ കോച്ചുകളിൽ നിന്നായിരുന്നു ടിക്കറ്റ് വരുമാനത്തിന്റെ ഏറിയ പങ്കും. 2019-20ൽ മൊത്തം വരുമാനമായ 50,669 കോടി രൂപയിൽ 13,641 കോടിയായിരുന്നു സ്ലീപ്പർ കോച്ചുകളുടെ വിഹിതം. ആകെ വരുമാനത്തിന്റെ 25 ശതമാനത്തിലേറെ വരുമിത്. ഇക്കാലയളവിൽ ജനറൽ, നോൺ എ.സി, എ.സി ഉൾപ്പെടെ ആകെ യാത്ര ചെയ്തത് 809 കോടി യാത്രക്കാരാണ്. 2019-20 മുതൽ 2024-25 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ എസി 3-ടയറിലടക്കം നിരക്കുവർധനയും പ്രകടമാണ്.
കേരളത്തിൽ തിരുവനന്തപുരം-മംഗളൂരു മാവേലി, മംഗളൂരു-തിരുവനന്തപുരം മാവേലി, തിരുവനന്തപുരം മംഗളൂരു മലബാർ, മംഗളൂരു-തിരുവനന്തപുരം മലബാർ എന്നിവയിലടക്കം സ്ലീപ്പർ കോച്ചുകൾ വെട്ടിയിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യകത കൂടുതൽ എ.സി കോച്ചിനാണെന്ന വിചിത്ര ന്യായമുന്നയിച്ചാണ് നടപടി. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള സ്ലീപ്പർ ടിക്കറ്റ് നിരക്ക് 200 രൂപയിൽ താഴെയാണെങ്കിൽ എ.സി ത്രീ ടയറിൽ 500ന് മുകളിലാണ്. ടു ടയറിലേക്കെത്തുമ്പോൾ വീണ്ടും ഉയരും. ഭാവിയിൽ ഓരോ ട്രെയിനിലും സ്ലീപ്പർ കോച്ചുകളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തുമെന്നാണ് വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.