ഓമനക്കുട്ടന് വിടചൊല്ലി നാട്
text_fieldsസി.ആർ. ഓമനക്കുട്ടന്റെ മൃതദേഹം എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവെച്ചപ്പോൾ മമ്മൂട്ടി അന്തിമോപചാരമർപ്പിക്കുന്നു
കൊച്ചി: സാഹിത്യകാരനും അധ്യാപകനുമായിരുന്ന സി.ആർ. ഓമനക്കുട്ടന് വിടചൊല്ലി നാട്. ആശുപത്രിയിലും പൊതുദർശനത്തിനുവെച്ച കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും വീട്ടിലുമായി നൂറുകണക്കിന് ആളുകളെത്തി അന്ത്യോപചാരം അർപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച ഉച്ചക്ക് 2.50നാണ് അദ്ദേഹം അന്തരിച്ചത്. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് എറണാകുളം രവിപുരം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു.
രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടുവരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം നടത്തി. മന്ത്രി പി. രാജീവ് ആശുപത്രിയിലും നടൻ മമ്മൂട്ടി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലുമെത്തി അന്ത്യോപചാരം അർപ്പിച്ചു.
എഴുത്തുകാരൻ പ്രഫ. എം.കെ. സാനു, ഹൈബി ഈഡൻ എം.പി, കൊച്ചി മേയർ എം. അനിൽകുമാർ, കെ. ബാബു എം.എൽ.എ, മുൻ മേയർമാരായ ടോണി ചമ്മണി, സൗമിനി ജയിൻ, നടന്മാരായ സൗബിൻ ഷാഹിർ, മനോജ് കെ. ജയൻ, ഫഹദ് ഫാസിൽ, രമേഷ് പിഷാരടി, സംവിധായകരായ ബി. ഉണ്ണികൃഷ്ണൻ, ആഷിക് അബു, രൺജി പണിക്കർ, സിനിമ നിർമാതാവ് ആന്റോ ജോസഫ്, മുൻ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്, മുൻ എം.പി സുരേഷ് കുറുപ്പ്, ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയലക്ഷ്മി, ശ്രീമൂലനഗരം മോഹൻ, ജസ്റ്റിസ് ഷാജി പി. ചാലി, പ്രഫ. കെ. അരവിന്ദാക്ഷൻ, സുനിൽ പി. ഇളയിടം തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.