കാലിക്കറ്റ് സർവകലാശാല : വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ്: പൊലീസ് സംരക്ഷണത്തിന് ഉത്തരവ്
text_fieldsകൊച്ചി: കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിന് പൊലീസ് സംരക്ഷണം നൽകി ഹൈകോടതി. ചൊവ്വാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്.എഫ്.ഐ നേതാക്കളുടെ ഭാഗത്തുനിന്ന് നിരന്തര ഭീഷണിയടക്കം ഉണ്ടാകുന്നതായി ചൂണ്ടിക്കാട്ടി എം.എസ്.എഫിന്റെ ചെയർപേഴ്സൻ സ്ഥാനാർഥി പി.കെ. ഷിഫാന സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്.
തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറണമെന്ന ആവശ്യമുന്നയിച്ച് ഹരജിക്കാരിയെയും മറ്റ് സ്ഥാനാർഥികളെയും എസ്.എഫ്.ഐ നേതാക്കൾ തടയുകയും ക്രമസമാധാന പ്രശ്നമുണ്ടാക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. സർവകലാശാലയിലെ വസ്തുവകകളും അവർ നശിപ്പിച്ചു. അക്രമികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
എന്നാൽ, മതിയായ പൊലീസ് സംരക്ഷണം ഉറപ്പാക്കുന്നതിൽ ജില്ല പൊലീസ് സൂപ്രണ്ടിനും തേഞ്ഞിപ്പലം സ്റ്റേഷൻ ഹൗസ് ഓഫിസർക്കും വീഴ്ചപറ്റിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആക്രമണസാധ്യത നിലനിൽക്കുകയാണെന്നും പൊലീസ് സംരക്ഷണം അനുവദിക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. എന്നാൽ, സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിന് സംസ്ഥാന പൊലീസ് മേധാവി മതിയായ പൊലീസ് സംരക്ഷണം അനുവദിക്കുമെന്നും പ്രത്യേക ഉത്തരവ് ആവശ്യമില്ലെന്നുമായിരുന്നു സർക്കാറിന്റെ വാദം.
2023ൽ സമാന സംഭവങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ കോടതി പൊലീസ് സംരക്ഷണം നൽകിയിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി. ഇത്തവണയും ചില അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് എഫ്.ഐ.ആറിൽനിന്ന് വ്യക്തമാണെന്നും കോടതി വിലയിരുത്തി. തുടർന്ന് തെരഞ്ഞെടുപ്പ് മുതൽ ഫലപ്രഖ്യാപനം വരെ പൊലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ഡി.ജി.പിക്കും ജില്ല പൊലീസ് സൂപ്രണ്ടിനും കോടതി നിർദേശം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.