പോളിടെക്നിക് കോളജിൽ നടന്നത് വൻ ലഹരി ഇടപാടുകൾ; ഹോളി ആഘോഷത്തിന് എത്തിച്ചത് 18,000 രൂപയുടെ കഞ്ചാവ്
text_fieldsകകളമശ്ശേരി: കളമശ്ശേരി ഗവ. പോളിടെക്നിക് കോളജിന്‍റെ ഹോസ്റ്റൽ കേന്ദ്രീകരിച്ച് നടന്നത് വൻ ലഹരി ഇടപാടുകൾ. ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹോളി ആഘോഷത്തിന് 18,000 രൂപയുടെ കഞ്ചാവാണ് ഹോസ്റ്റലിൽ എത്തിയത് എന്ന് വ്യക്തമായി.
ആഘോഷത്തിന് പണപ്പിരിവ് നടത്തിയ മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി അനുരാജ് കഴിഞ്ഞ ദിവസം പിടിയിലായ ആഷിഖിനും ഷാലിക്കിനും പണം നൽകിയാണ് കഞ്ചാവ് വാങ്ങിയത്. 13,000 രൂപ ഒരു വിദ്യാർഥിയുടെ അക്കൗണ്ടിലേക്ക് ഓൺലൈൻ ആയും 5000 രൂപ നേരിട്ടും കൈമാറി. 13ാം തീയതി രാത്രി എട്ടോടെയാണ് ആഷിഖും ഷാലിക്കും വഴി ഹോസ്റ്റലിൽ കഞ്ചാവ് എത്തിയത്. അനുരാജ് അത് വാങ്ങി ഹോസ്റ്റലിലെ ഒരു സുഹൃത്തിന്‍റെ മുറിയിൽ വെച്ചശേഷം മൂന്ന് സുഹൃത്തുക്കൾക്കൊപ്പം പുറത്ത് പോയി. ഈ സമയത്താണ് കോളജിൽ പൊലീസ് സംഘം മിന്നൽ പരിശോധന ആരംഭിച്ചത്. സംഭവം അറിഞ്ഞതോടെ മുറിയിലുള്ള സുഹൃത്തിനെ ഫോണിൽ വിളിച്ച് സാധനം മാറ്റാൻ അനുരാജ് ആവശ്യപ്പെട്ടു. പിന്നാലെ മുങ്ങിയ അനുരാജ് പിറ്റേദിവസം ഉച്ചയോടെ ഹോസ്റ്റലിൽ തിരിച്ചെത്തി.
സുഹൃത്ത് കഞ്ചാവ് പൊതി കളഞ്ഞതായി അനുരാജ് പൊലീസിന് മൊഴി നൽകിയെന്നാണ് സൂചന. ഈ പൊതി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരാഴ്ച മുമ്പും അനുരാജ് 14,000 രൂപയുടെ കഞ്ചാവ് വാങ്ങിയതായി സൂചനയുണ്ട്. സംഭവത്തിൽ ആറുപേർ പിടിയിലായെങ്കിലും പ്രധാന കണ്ണിയായ അന്തർസംസ്ഥാനക്കാരനായുള്ള അേന്വഷണത്തിലാണ് പൊലീസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.