വി.എസിന് ‘കാപിറ്റൽ പണിഷ്മെന്റ്’; പിരപ്പൻകോട് മുരളിയെ തള്ളി സി.പി.എം
text_fieldsതിരുവനന്തപുരം: സി.പി.എമ്മിന്റെ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിൽ വി.എസ്. അച്യുതാനന്ദന് ‘കാപിറ്റൽ പണിഷ്മെന്റ്’ നൽകണമെന്ന് ആവശ്യമുയർന്നുവെന്ന മുൻ സംസ്ഥാന കമ്മിറ്റി അംഗം പിരപ്പൻകോട് മുരളിയുടെ വാക്കുകൾ തള്ളി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുരളി ശുദ്ധ അസംബന്ധമാണ് പറയുന്നത്.
പാർട്ടി അംഗത്വത്തിൽനിന്ന് പുറത്തുപോയി പുസ്തകമെഴുതുമ്പോൾ അതിന്റെ പ്രചാരണത്തിനായി പലതും പറയും. കാറ്റുള്ളപ്പോൾ തൂറ്റുന്ന പരിപാടിയാണിത്. മുരളി മാത്രമല്ല ഞങ്ങളൊക്കെ ആ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തവരാണ്. വി.എസ് തന്നെ ഇക്കാര്യം നിഷേധിച്ചതുമാണ്. എന്നിട്ടും തോന്ന്യാസം പറയുന്നപോലെ പറയുകയാണെന്നും വാർത്തസമ്മേളനത്തിൽ ഗോവിന്ദൻ വ്യക്തമാക്കി.
ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുക്കുന്ന ജ്ഞാനസഭയിൽ വൈസ് ചാൻസലർമാർ പങ്കെടുക്കുന്നത് കേരളത്തിന് അപമാനമാണ്. വി.സിയെ മുഖ്യമന്ത്രിയായ ഇ.എം.എസ് അങ്ങോട്ടുപോയി കണ്ട പാരമ്പര്യമുള്ള നാടാണിതെന്ന് ഓർക്കണം. വ്യക്തികൾ എന്ന നിലക്ക് വി.സിമാർക്ക് ജ്ഞാനസഭയിൽ പങ്കെടുക്കാമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ വാക്കുകൾ ശ്രദ്ധയിൽപെടുത്തിയപ്പോൾ മതവത്കരണ പരിപാടിയിൽ വി.സിമാർ പങ്കെടുക്കരുതെന്നാണ് പാർട്ടിയുടെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.
ഗവർണറുടെ കാവിവത്കരണ നയത്തിനെതിരെ വിദ്യാർഥി, യുവജന പ്രതിഷേധം തുടരും. ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ വീഴ്ചയുണ്ടായോ എന്ന ചോദ്യത്തിന് വീഴ്ച പറ്റിയില്ലെങ്കിൽ ചാടില്ലല്ലോ എന്നായിരുന്നു മറുചോദ്യം. ഇന്ത്യൻ ടെക്കികളെ ജോലിക്കെടുക്കരുതെന്ന് ഗൂഗ്ളിനും മൈക്രോസോഫ്റ്റിനും യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയത് ഇന്ത്യൻ ജനതയോടുള്ള സാമ്രാജ്യത്വത്തിന്റെ പൗരാവകാശ ലംഘനമാണ്. ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാരക്കരാർ കാർഷിക മേഖലയിലടക്കം പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.എസ് അവസാന കമ്യൂണിസ്റ്റല്ല; നടക്കുന്നത് പതിവ് പ്രചാരണം
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ അവസാന കമ്യൂണിസ്റ്റെന്ന പ്രചാരണത്തിന് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വലതുപക്ഷം പ്രചരിപ്പിക്കുന്നപോലെ വി.എസ് അവസാനത്തെ കമ്യൂണിസ്റ്റല്ല. കേരളത്തിൽ വലതുപക്ഷ ശക്തികൾ ഇടതുപക്ഷത്തിനെതിരെ നടത്തുന്ന സ്ഥിരം പ്രചാരണ രീതിയാണിത്. ജീവിച്ചിരിക്കുമ്പോൾ കമ്യൂണിസ്റ്റ് നേതാക്കളെ കൊള്ളരുതാത്തവരായി ചിത്രീകരിക്കും. മരിച്ചാൽ വിശുദ്ധരാക്കും. ഇ.എം.എസും എ.കെ.ജിയും നായനാരും കോടിയേരിയുമെല്ലാം മരിച്ചപ്പോൾ ഇത് ആവർത്തിച്ചിരുന്നു. വി.എസിന്റെ മരണശേഷം ഈ പല്ലവി വീണ്ടും ഉയർന്നുവന്നിരിക്കയാണ് അദ്ദേഹം പറഞ്ഞു.
കേരള ജനത എത്രമാത്രം വി.എസിനെ സ്നേഹിക്കുന്നു എന്നതിന്റെ നേർസാക്ഷ്യമാണ് വിലാപയാത്രയിലും മറ്റും അന്തിമോപചാരമർപ്പിക്കാനെത്തിയ ജനലക്ഷങ്ങൾ. അവരെമുഴുവൻ പാർട്ടി അഭിവാദ്യം ചെയ്യുന്നു. ആഗസ്റ്റ് ഒന്നിന് തിരുവനവനന്തപുരത്ത് വിപുലമായ വി.എസ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. ആഗസ്റ്റ് ഒന്നുമുതൽ പത്തുവരെ വിവിധ ഘടകങ്ങളിലും അനുസ്മരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.