ഉദുമൽപേട്ടയിൽ കാർ കനാലിൽ വീണ് നാലു മലയാളി യുവാക്കൾ മരിച്ചു
text_fieldsഅങ്കമാലി: വിനോദയാത്ര പോയ അങ്കമാലി സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ പൊള്ളാച്ചിക്കടുത്ത് അപകടത്തിൽപ്പെട്ട് നാലു പേർ മരിച്ചു. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. 12 അടിയോളം താഴ്ചയുള്ള വഴിയരികിലെ കനാലിലേക്ക് മറിഞ്ഞായിരുന്നു അപകടം.
അങ്കമാലി മൂക്കന്നൂർ പറമ്പയം പറപ്പിള്ളി വീട്ടിൽ ജോയിയുടെ മകൻ ജിബിൻ (25), കറുകുറ്റി ഏഴാറ്റുമുഖം കുറുങ്ങാടൻ വീട്ടിൽ പോളച്ചന്‍റെ മകൻ അമൽ (22), കാലടി മാണിക്കമംഗലം കോലഞ്ചേരി വീട്ടിൽ ഒൗസേഫിന്റെ മകൻ ജാക്സൺ (20), അങ്കമാലി സ്വദേശിയായ റിജോ എന്നിവരാണ് മരിച്ചത്. പൊള്ളാച്ചി സർക്കാശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ മൂന്നു മൃതദേഹങ്ങൾ ഞായറാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുവരും.
ശക്തമായ അടിയൊഴുക്കിൽപ്പെട്ട് കാണാതായ അയ്യമ്പുഴ ചുള്ളി ഒലിമൗണ്ട് കോളാട്ടുകുടി വീട്ടിൽ ജോണിയുടെ മകൻ റിജോ (28)യുടെ മൃതദേഹം വൈകീട്ട് അഞ്ചു മണിയോടെ കണ്ടെത്തി. മൂക്കന്നൂർ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പോൾ പി.ജോസഫിന്റെ മകൻ ആൽഫയാണ് (24) പരുക്കുകളോടെ രക്ഷപ്പെട്ടത്. ഇയാളെ പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി ഏഴ് മണിയോടെ അയ്യമ്പുഴ സ്വദേശിയുടെ കാർ വാടകക്കെടുത്ത് മൂക്കന്നൂരിൽ നിന്നാണ് അഞ്ചംഗ സംഘം ഉൗട്ടി അടക്കമുള്ള വിനോദ കേന്ദ്രങ്ങളിലേക്ക് യാത്ര തിരിച്ചത്. രാത്രി പൊള്ളാച്ചിയിൽ മുറിയെടുത്ത് താമസിച്ചു. അതിന് ശേഷം ഞായറാഴ്ച രാവിലെ ഉൗട്ടിയിലേക്കുള്ള യാത്രമധ്യേ 7.30ഒാടെയാണ് ഉടുമ്പൽപേട്ട ഗതിമേടക്കടുത്തെ വഴിയരികിലെ കനാലിലേക്ക് കാർ മറിഞ്ഞത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാർ പൊടുന്നനെ ബ്രേക്കിട്ടു. അതോടെയാണ് പാളി നീങ്ങിയ കാർ മറിഞ്ഞ് അപകടമുണ്ടയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
റിജോ കാറിനകത്ത് നിന്ന് തെറിച്ച് വീണുവെന്നാണ് പറയുന്നത്. ആൽഫയും കാറിനകത്ത് നിന്ന് പുറത്ത് വീണെങ്കിലും കാറിൽ അള്ളി പിടിച്ച് കിടക്കുകയായിരുന്നു. വഴിയരികിൽ ടാങ്കർ ലോറി കഴുകുകയായിരുന്ന ഡ്രൈവർ അപകടം കാണാനിടയായതാണ് ആൽഫയുടെ ജീവൻ രക്ഷിക്കുന്നതിനും രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിനും സഹായമായത്. നാട്ടുകാരും യാത്രക്കാരും പൊലീസുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മണിക്കൂറുകൾക്കുള്ളിൽ ക്രെയിൻ ഉപയോഗിച്ച് കാർ ഉയർത്തി മൂവരുടെ മൃതദേഹങ്ങളും കണ്ടെടുത്തു.
ജിബിനും ആൽഫയും ഒഴികെയുള്ള മൂന്നു പേരും സഹോദരിമാരുടെ മക്കളാണ്. അമൽ ചാലക്കുടി നിർമ്മല കോളജ് ബി.കോം അവസാന വർഷ വിദ്യാർഥിയാണ്. മാതാവ്: ചുള്ളി തോട്ടക്കര കുടുംബാംഗം മിനി. സഹോദരി: അനില പോൾ (ബി.എസ്.സി നഴ്സ്, അമൃത നഴ്സിങ് കോളജ്). സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം നാലിന് ഏഴാറ്റുമുഖം സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ നടക്കും.
ജിബിന്‍റെ അമ്മ മേരി. സഹോദരി: ജിത (നഴ്സ്). ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് മൂക്കന്നൂർ പറമ്പയം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ ജിബിന്‍റെ സംസ്കാരം നടക്കും. ജാക്സന്റെ അമ്മ കൊച്ചുത്രേസ്യ. മൂന്ന് സഹോദരിമാരുണ്ട്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് മാണിക്കമംഗലം ഇടവക പള്ളി സെമിത്തേരിയിൽ. റോസിലിയാണ് റിജോയുടെ അമ്മ. സഹോദരി: സുന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.