രാജ്യത്തിന്റെ മതേതരത്വവും ബഹുസ്വരതയും കാക്കാൻ ജാഗ്രത പുലർത്തണം –രാഹുൽ ഗാന്ധി
text_fieldsമാനന്തവാടി: രാഷ്ട്രപിതാവ് മഹാത്മജിയുടെ വീക്ഷണങ്ങൾക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ടെന്നും രാജ്യത്തിെൻറ മതേതരത്വവും ബഹുസ്വരതയും നഷ്ടമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും രാഹുൽ ഗാന്ധി എം.പി. മാനന്തവാടി നഗരസഭ മാനന്തവാടി ഗാന്ധി പാർക്കിൽ പുനർ നിർമിച്ച ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എെൻറ ജീവിതമാണ് എെൻറ സന്ദേശമെന്ന് പറഞ്ഞ മഹാത്മജിയുടെ പ്രതിമ വെറും പ്രതിമയല്ല; അത് മഹത്തായ ഒരു പൈതൃകത്തിെൻറയും മുന്നോട്ടുള്ള പ്രയാണത്തിെൻറയും സന്ദേശമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. കെ.സി. വേണുഗോപാൽ എം.പി, എം.എൽ.എമാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദീഖ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
തിങ്കളാഴ്ച വയനാട്ടിലെത്തിയ രാഹുല്‍ഗാന്ധി എം.പി ജില്ലയിൽ വിവിധ പരിപാടികളില്‍ പങ്കെടുത്തു. കരിപ്പൂരിൽ രാവിലെ വിമാനമിറങ്ങിയ അദ്ദേഹം ഉച്ചയോടെ റോഡ് മാർഗം മാനന്തവാടിയില്‍ എത്തി, ദേശീയ പൊതു നിയമ പരീക്ഷ വിജയിച്ച പട്ടികവർഗ വിദ്യാർഥികളുമായി ഐ.ബിയിൽ സംവദിച്ചു. അവർക്കൊപ്പം ഉച്ചയൂൺ കഴിച്ച ശേഷം മാനന്തവാടിയിലെ ടൗണിലെ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. തുടർന്ന് വൈകീട്ട് മൂന്നിന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ കൂവളത്തോട് കുടിവെള്ള പദ്ധതി ഉദ്ഘാടനം.
പിന്നീട് പൊന്‍കുഴി കാട്ടുനായ്ക്ക കോളനിയിലെ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം ഏഴുമണിയോടെ നൂല്പുഴ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡെൻറല്‍ യൂനിറ്റ് ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
തിങ്കളാഴ്ച രാത്രി കൽപറ്റ ഗെസ്റ്റ് ഹൗസിൽ തങ്ങിയ അദ്ദേഹം ചൊവ്വാഴ്ച രാവിലെ 11.45ന് കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ പഞ്ചായത്തിലെ കാര്ഷികദിനാചരണവും കര്‍ഷകരെ ആദരിക്കുന്ന ചടങ്ങിലും പങ്കെടുക്കും.
തുടര്‍ന്ന് മലപ്പുറം വണ്ടൂര്‍ സ്നേഹാരാം ഗാന്ധിഭവന് സന്ദര്‍ശിക്കും. 2.45ഓടെ അന്തരിച്ച മുന്‍ ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശിെൻറ വീട് സന്ദര്‍ശിക്കും. വൈകീട്ട് നാലിന് എടവണ്ണ പി.എസ്. ഓഡിറ്റോറിയത്തില്‍ പ്ലസ് ടുവിന് മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദന ചടങ്ങിൽ പങ്കെടുക്കും. അഞ്ചിന് മലപ്പുറം പാലോത്ത് ഊര്‍ക്കാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്ന അന്തരിച്ച ജ്യോതിഷ്കുമാറിെൻറ വീടും സന്ദര്‍ശിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.