‘ലോലൻ’ കഥാപാത്രത്തിന്റെ പിതാവ് കാർട്ടൂണിസ്റ്റ് ചെല്ലൻ അന്തരിച്ചു
text_fieldsകോട്ടയം: ലോലൻ എന്ന കഥാപാത്രത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രശസ്ത കാർട്ടൂണിസ്റ്റ് ചെല്ലൻ എന്ന ടി.പി. ഫിലിപ് ഓർമയായി. 77ാം വയസ്സിൽ കോട്ടയത്തായിരുന്നു അന്ത്യം. സംസ്കാരചടങ്ങുകൾ തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വടവാതൂരിൽ.
1948 ല്‍ പൗലോസിന്‍റേയും മാര്‍ത്തയുടേയും മകനായി ജനിച്ച ചെല്ലന്‍, 2002ല്‍ കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് പെയിന്‍ററായാണ് വിരമിച്ചത്. കോട്ടയം വടവാതൂരിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. മറിയാമ്മ ഫിലിപ്പാണ് ഭാര്യ. മകന്‍: സുരേഷ്.
കാര്‍ട്ടൂണ്‍രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിട്ടുണ്ട്. ചെല്ലൻ സൃഷ്ടിച്ച ലോലൻ എന്ന കാർട്ടൂൺ കഥാപാത്രം കൊച്ചി കേന്ദ്രീകരിച്ച നെവർ എൻഡിങ് സർക്കിൾ എന്ന ആനിമേഷൻ സ്ഥാപനം ആനിമേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. തന്‍റെ കഥാപാത്രം ചലിക്കുന്നത് കാണും മുമ്പാണ് ചെല്ലന്റെ മടക്കം. ലോലന്‍ അക്കാലത്തെ കാമ്പസ് യുവത്വങ്ങളുടെ പ്രതീകമായിരുന്നു. കാമ്പസുകളിലെ പ്രണയനായകന്മാർക്ക് ലോലൻ എന്ന വിളിപ്പേരും പതിഞ്ഞു.
ജനയുഗം, മംഗളം, ചന്ദ്രിക, മലയാള മനോരമ, ദീപിക, മനോരാജ്യം, ബാലരമ, ചന്ദ്രിക, കുട്ടികളുടെ ദീപിക, പൗരധ്വനി, ചെമ്പകം, മനോരമ കോമിക്സ്, ടോംസ് കോമിക് തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളിലും കാർട്ടൂൺ പ്രസിദ്ധീകരിച്ചു; നൂറിലേറെ പുസ്തകങ്ങൾക്ക് കവർചിത്രങ്ങളും വരച്ചിട്ടുണ്ട്. ചെല്ലന്‍റെ വേർപാടിൽ കേരള കാർട്ടൂൺ അക്കാദമി അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

