'ഓപറേഷൻ സിന്ദൂർ' അത്തപ്പൂക്കളത്തിനെതിരെ കേസെടുത്ത നടപടി ഞെട്ടിക്കുന്നത്; രാജീവ് ചന്ദ്രശേഖർ
text_fieldsരാജീവ് ചന്ദ്രശേഖർ
കൊല്ലം: മുതുപിലാക്കാട് ശ്രീ പാർഥസാരഥി ക്ഷേത്രത്തിന് മുന്നിൽ തയാറാക്കിയ ‘ഓപറേഷൻ സിന്ദൂർ’ അത്തപ്പൂക്കളത്തിനെതിരെ കേസെടുത്ത പോലീസ് നടപടി ഞെട്ടിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളം ഭരിക്കുന്നത് ജമാ അത്തെ ഇസ്ലാമിയാണോ അതോ പാകിസ്താൻ ഭരണത്തിലാണോ കേരളമെന്നും ബി.ജെ.പി അധ്യക്ഷൻ ചോദിച്ചു. എത്രയും വേഗം എഫ്.ഐ.ആർ പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ കേരളാ പൊലീസിനെതിരെ കോടതിയെ സമീപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
ഓണം ആഘോഷിക്കാൻ നാട്ടിലെത്തിയപ്പോൾ അഭിമാനത്തോടെ ഓപറേഷൻ സിന്ദൂർ എന്നെഴുതി അത്തപ്പൂക്കളമിട്ട സൈനികനെ അടക്കം പ്രതി ചേർത്താണ് ശാസ്താംകോട്ട പോലീസ് കേസെടുത്തത്. രാജ്യത്ത് ആദ്യമായിട്ടാണ് അത്തപ്പൂക്കളം ഇട്ടതിനെതിരെ പോലീസ് കേസെടുക്കുന്നത്. ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്. അതിന്റെ ആചാരാനുഷ്ഠാനങ്ങൾ പോലും പാലിക്കാൻ അനുവദിക്കാത്ത, ഓപറേഷൻ സിന്ദൂർ എന്ന് പൂക്കൾ കൊണ്ട് എഴുതിയതിനെതിരെ നിയമ നടപടിയെടുത്ത് സർക്കാർ ആരെയാണ് പ്രീണിപ്പിക്കാൻ ശ്രമിക്കുന്നത്? ആചാരാനുഷ്ഠാനങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരെ കേസെടുക്കുന്ന ഇതേ സർക്കാറാണ് ശബരിമലയിൽ അയ്യപ്പഭക്ത സമ്മേളന സംഘടിപ്പിക്കുന്നത് എന്നത് വിരോധാഭാസമാണ്. ഇത് കേരളമാണ്. ഇന്ത്യയുടെ ഭാഗമെന്നതിൽ അഭിമാനിക്കുന്ന നമ്മുടെ നാട്ടിൽ 'ഓപറേഷൻ സിന്ദൂർ' എന്ന പേരിലൊരു പൂക്കളം ഒരുക്കിയതിന് എഫ്.ഐ.ആർ എടുക്കപ്പെട്ടിരിക്കുന്നു. തികച്ചും ക്രൂരമായൊരു നടപടിയാണിതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
'ഓപറേഷൻ സിന്ദൂർ' നമ്മുടെ അഭിമാനമാണ്. നമ്മുടെ സായുധസേനകളുടെ കരുത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകം. അതിനെ ലക്ഷ്യമിട്ട് നടപടികളെടുക്കുന്നത് സ്വന്തം രക്തം കൊടുത്തും രാജ്യത്തെ കാത്ത് രക്ഷിക്കുന്ന ഓരോ സൈനികനെയും അപമാനിക്കുന്നതിന് തുല്യമാണ്. സൈനിക വേഷമണിഞ്ഞ് അതിർത്തി കാക്കുകയും മൂവർണക്കൊടിക്ക് വേണ്ടി ജീവൻ ബലിയർപ്പിക്കുകയും ചെയ്തിട്ടുള്ള ആയിരക്കണക്കിന് മലയാളികളുണ്ട്. അങ്ങനെ രാജ്യത്തെ സേവിക്കുന്ന ഓരോ മലയാളിയുടെയും പേരിൽ ബി.ജെ.പി ഈ നടപടിയെ ശക്തമായി അപലപിക്കുന്നു.
ജമാഅത്തെ ഇസ്‍ലാമിയോ പാകിസ്താനോ അല്ല കേരളം ഭരിക്കുന്നത്. ഒരിക്കലും അങ്ങനെയാവുകയുമില്ല. ഇത് ഭാരതമാണെന്ന് കേരള പൊലീസ് മറക്കാതിരുന്നാൽ നന്ന്. ഒരേ സമയം രാജ്യദ്രോഹപരവും നാണംകെട്ടതുമായ ഈ എഫ്.ഐ.ആർ ഉടൻ പിൻവലിച്ചേ തീരൂ.അത്തപ്പൂക്കളം ഇട്ടതിനും ഓപ്പറേഷൻ സിന്ദൂർ എന്ന് എഴുതിയതിനും 25 ഭക്തർക്കെതിരെ പൊലീസ് കേസെടുത്ത നടപടി കേട്ടു കേൾവി ഇല്ലാത്തതാണ്. കലാപശ്രമം, നിയമവിരുദ്ധമായി ഫ്ലെക്സ് ബോർഡ് സ്ഥാപിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത് എന്ന് മനസിലാക്കുന്നു. ഛത്രപതി ശിവജിയുടെ ചിത്രത്തെ എന്തിനാണ് കോൺഗ്രസും സി.പി.എമ്മും ചേർന്ന ക്ഷേത്ര ഭരണ സമിതി ഭയക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.