ഡോക്ടർ ദമ്പതികളിൽനിന്ന് 7.65 കോടി തട്ടിയ കേസ്; രണ്ട് തായ്വാൻ സ്വദേശികളടക്കം മൂന്നുപേർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
text_fieldsചേർത്തല: ഓഹരിവിപണി നിക്ഷേപത്തിന്റെ പേരിൽ ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽനിന്ന് 7.65 കോടി രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ രണ്ട് തായ് വാൻ സ്വദേശികളടക്കം മൂന്നുപേരെ കോടതിയിലെത്തിച്ച് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. തായ് വാൻ സ്വദേശികളായ സുങ് മുചി (മാർക്ക്- 42), ചാങ് ഹോ യുൻ (മാർക്കോ- 34), ഝാർഖണ്ഡ് സ്വദേശിയായ സെയ്ഫ് ഹൈദർ (29) എന്നിവരെയാണ് ശനിയാഴ്ചവരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്.
ഗുജറാത്തിൽനിന്ന് പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തയ്വാനിലെ തവോയുവാനിൽനിന്നുള്ള വാങ് ചുൻ വെയ് (സുമോക- 26), ഷെൻ വെയ് ഹോ (ക്രിഷ്- 35) എന്നിവരെ നേരത്തേ സബർമതി ജയിലിൽനിന്ന് എത്തിച്ച് ചോദ്യംചെയ്തിരുന്നു. അവരെ ചോദ്യംചെയ്തപ്പോഴാണ് മറ്റു രണ്ടു തായ്വാൻകാർക്കും തട്ടിപ്പിൽ ബന്ധമുണ്ടെന്ന് വ്യക്തമായത്. ഇവർ തട്ടിപ്പ് സംഘത്തിലെ ഐ.ടി വിഭാഗം കൈകാര്യം ചെയ്തിരുന്നവരാണ്.
യു.എസിൽ ഉൾപ്പെടെ ഉന്നതപഠനം പൂർത്തിയാക്കിയ മാർക്കോ പിന്നീട് തായ് വാനിൽ തിരിച്ചെത്തിയ ശേഷമാണ് ഇന്ത്യയിലേക്ക് വരുന്നത്. തട്ടിപ്പിനായി വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് സൃഷ്ടിക്കലായിരുന്നു മാർക്കിന്റെ ജോലി. ആലപ്പുഴയിൽ ആദ്യം പിടിയിലായ ഇന്ത്യക്കാരായ പ്രതികളിൽനിന്ന് ലഭിച്ച സൂചനകളിലൂടെയാണ് അന്വേഷണം തായ്വാൻ സ്വദേശികളിലെത്തിയത്. ഇവരിൽനിന്ന് 12 ലക്ഷത്തോളം രൂപയും കണ്ടെടുത്തിരുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍ ചേര്‍ത്തല സ്വദേശിയായ ഡോ. വിനയകുമാറിന്റെയും ഭാര്യയും ത്വക്ക് രോഗ വിദഗ്ധയുമായ ഡോ. ഐഷയുടെയും അക്കൗണ്ടിലെ പണമാണ് നഷ്ടമായത്. തുടർന്ന് ചേർത്തല പൊലീസിൽ പരാതി നൽകിയതോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് 2024 ജൂലൈ ഒന്നിന് മൂന്നുപേരെ പൊലീസ് പിടികൂടുന്നത്.
കോഴിക്കോട് സ്വദേശികളായ കൊടുവള്ളി കൊടകുന്നുമ്മേല്‍ കുന്നയേര്‍ വീട്ടില്‍ മുഹമ്മദ് അനസ് (25), കോഴിക്കോട് ഓമശ്ശേരി പുത്തൂര്‍ ഉള്ളാട്ടന്‍പ്രായില്‍ പ്രവീഷ് (35), കോഴിക്കോട് കോര്പറേഷന് ചൊവ്വായൂര്‍ ഈസ്റ്റ് വാലി അപ്പാര്‍ട്ട്മെന്റ് അബ്ദുൽസമദ് (39) എന്നിവർ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. ഫെബ്രുവരി 19ന് കേസിലെ 10, 11 പ്രതികളായ തായ് വാനിലെ തവോയുവാനിൽനിന്നുള്ള വാങ് ചുൻ വെയ് (സുമോക- 26), ഷെൻ വെയ് ഹോ (ക്രിഷ്- 35) എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.