'നിങ്ങൾ പുലയരല്ലേ..., കറുത്തവരെ പഠിപ്പിക്കാൻ പറ്റില്ല; ആലപ്പുഴയിൽ നാലാം ക്ലാസ് വിദ്യാർഥിക്കെതിരെ ജാതി അധിക്ഷേപം
text_fieldsആലപ്പുഴ: നാലാം ക്ലാസ് വിദ്യാർഥിയെ പ്രധാനാധ്യാപിക ജാതി പറഞ്ഞ് അധിക്ഷേപിച്ചതായി പരാതി. പേർകാട് എം.എസ്.സി എൽ.പി സ്കൂളിലാണ് ജാതി അധിക്ഷേപം നടന്നത്. പ്രധാനാധ്യാപിക ഗ്രേസിക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തു. ജൂൺ 18നാണ് സംഭവമെന്നാണ് റിപ്പോർട്ട്.
വിദ്യാർഥിയെ ജാതി പറഞ്ഞും നിറത്തിന്‍റെ പേരിലും അധിക്ഷേപിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കുട്ടിയെ കരിങ്കുരങ്ങെന്നും കരിവേടനെന്നും വിളിച്ച് ആക്ഷേപിച്ചുവെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നും പരാതിയിലുണ്ട്. കുട്ടിയുടെ അമ്മ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലും ബാലാവകാശ കമീഷനും പരാതി നൽകിയിട്ടുണ്ട്.
തന്‍റെ രണ്ട് മക്കളും പേർകാട് എം.എസ്.സി എൽ.പി സ്കൂളിലാണ് പഠിക്കുന്നതെന്നും ഇളയകുട്ടിയാണ് വിവരം വീട്ടിൽ പറഞ്ഞതെന്ന് അമ്മ പറയുന്നു. സ്കൂളിലെത്തി അന്വേഷിച്ചപ്പോൾ അധ്യാപിക ജാതി അധിക്ഷേപം നടത്തിയതായി പരാതിക്കാരി പറഞ്ഞു. 'നിങ്ങൾ പുലയരല്ലേ, ഇനിയും ഇങ്ങനെയൊക്കെ ചെയ്യു'മെന്നായിരുന്നു അധ്യാപികയുടെ മറുപടിയെന്ന് അവർ പറഞ്ഞു.
ബോർഡിൽ എഴുതിയപ്പോൾ തെറ്റിയതിനായിരുന്നു മർദ്ദനമെന്നാണ് വിവരം. കുട്ടിയുടെ ദേഹത്ത് പരിക്കേറ്റ പാടുണ്ടായിരുന്നു. കറുത്തവരെ ഇഷ്ടമല്ലെന്നും പഠിപ്പിക്കാൻ പറ്റില്ലെന്നും അധ്യാപിക പറഞ്ഞതായി അമ്മ ആരോപിച്ചു. രണ്ട് കുട്ടികൾ മാത്രം പഠിക്കുന്ന ക്ലാസിലാണ് സംഭവം. നിലവിൽ അധ്യാപിക സ്കൂളിൽ വരുന്നില്ലെന്നാണ് വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.