ജാതി അധിക്ഷേപം: പൊതുസേവകന്റെ വിചാരണക്ക് സർക്കാർ അനുമതി വേണ്ട- ഹൈകോടതി
text_fieldsകൊച്ചി: ജാതി അധിക്ഷേപം, വ്യാജരേഖ ചമക്കൽ, വഞ്ചന, പദവി ദുരുപയോഗം എന്നീ കേസുകളിൽ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ സർക്കാറിന്റെ അനുമതി ആവശ്യമില്ലെന്ന് ഹൈകോടതി. പട്ടിക ജാതിക്കാരിയായ സഹപ്രവർത്തക നൽകിയ പരാതിയിൽ ഈ വകുപ്പുകൾ പ്രകാരം കേസുകൾ ചുമത്തപ്പെട്ട ഉദ്യോഗസ്ഥരുടെ ഹരജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ജൂനിയർ ക്ലർക്കായിരുന്ന തന്നെ വി.ടി. ജിനു, എം.എസ്. വിജയൻ എന്നീ ഉദ്യോഗസ്ഥർ ജാതീയമായി അധിക്ഷേപിച്ചു എന്നാരോപിച്ചായിരുന്നു പരാതി. 2013 ഒക്ടോബർ ഏഴിനായിരുന്നു സംഭവം. താൻ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന് വരുത്താൻ തനിക്കെതിരെ വ്യാജ രേഖ ചമച്ചെന്നും പരാതിയിലുണ്ടായിരുന്നു. പരാതിക്കാരി മൊഴിയിൽ ഉറച്ചു നിന്നതിനെ തുടർന്ന് കേസിൽ വിചാരണ തുടങ്ങാൻ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി 2017ൽ ഉത്തരവിട്ടു. ഇത് ചോദ്യം ചെയ്ത് നൽകിയ റിവ്യൂ ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്.
റിവ്യൂ ഹരജി കോടതിയുടെ പരിഗണനയിലിരിക്കെ ഒന്നാംപ്രതിയായ വി.ടി. ജിനു മരണപ്പെട്ടതിനാൽ രണ്ടാം പ്രതി എം.എസ്. വിജയന്റെ വാദങ്ങളാണ് കോടതി കേട്ടത്. ഔദ്യോഗിക കൃത്യ നിർവഹണവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ കേസിനിടയാക്കിയാൽ പ്രോസിക്യൂഷൻ അനുമതി പോലുള്ള നിയമപരമായ സംരക്ഷണത്തിന് ഉദ്യോഗസ്ഥർ അർഹരല്ലെന്ന് സുപ്രീം കോടതി ഉത്തരവടക്കം ഉദ്ധരിച്ച് സിംഗിൾബെഞ്ച് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.