ജാതിസെൻസസ്: ഐക്യവേദി രൂപവത്കരിച്ച് പിന്നാക്ക സംഘടനകൾ പ്രക്ഷോഭത്തിന്
text_fieldsതിരുവനന്തപുരം: ജാതിസെൻസസ് നടത്തണമെന്നാവശ്യപ്പെട്ട് പിന്നാക്ക, ന്യൂനപക്ഷ, പട്ടികജാതി-വർഗ സംഘടനകൾ നടത്തിവരുന്ന പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാൻ സംഘടനകളുടെ യോഗം ചേർന്ന് ഐക്യവേദി രൂപവത്കരിച്ചു. ആക്ഷൻ കൗൺസിൽ ഫോർ എസ്.ഇ.സി.സി എന്ന പേരിലുള്ള ഐക്യവേദിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാറിന് നിവേദനം നൽകാനും മാർച്ച് അഞ്ച്, ആറ് തീയതികളിൽ സെക്രട്ടേറിയറ്റിന് മുന്നിൽ രാപകൽ സമരം നടത്താനും തീരുമാനിച്ചതായി ജനറൽ കൺവീനർ കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പിന്നാക്ക -ന്യൂനപക്ഷ, പട്ടികജാതി-വർഗ മേഖലകളിൽനിന്നുള്ള 50 സംഘടനകളാണ് പങ്കെടുത്തത്. ജാതി സെൻസസിനുവേണ്ടിയുള്ള ശ്രമങ്ങളെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഐക്യവേദിയുടെ ചെയർമാൻ സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരാണ്. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസാണ് ട്രഷറർ. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് 10 വൈസ് ചെയർമാൻമാരും 10 കൺവീനർമാരും ഉണ്ടാകും. നൂറംഗ സ്റ്റിയറിങ് കമ്മിറ്റിയും രൂപവത്കരിച്ചു.
വിഷയത്തോട് ആഭിമുഖ്യം പുലർത്തുന്ന സംഘടനകളുടെ ഉൾപ്പെടെ സംസ്ഥാന നേതാക്കൾ സമരത്തിൽ പങ്കെടുക്കും. ആറിന് സംഘടനകളുടെ നേതാക്കൾ പങ്കെടുക്കുന്ന സമരാഭിവാദ്യ പ്രകടനവും നടക്കും. സമരംകൊണ്ട് പരിഹാരം കാണുന്നില്ലെങ്കിൽ തുടർപ്രക്ഷോഭത്തിന് രൂപം നൽകും. കെ.പി.എം.എസ്, ചേരമൻ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി, അഖിലകേരള ചേരമർ ഹിന്ദു മഹാസഭ, കേരള ചേരമർ സംഘം, കേരള സാംബവ സഭ, സമസ്ത കേരള ജംഇയ്യതുൽ ഉലമ, ജമാഅത്തെ ഇസ്ലാമി, കെ.എൻ.എം, വിസ്ഡം, എം.ഇ.എസ്, മുസ്ലിം എംപ്ലോയീസ് കൾചറൽ സൊസൈറ്റി, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ, കേരള വണികവൈശ്യ സംഘം, ശ്രീനാരായണ സേവാസംഘം, കേരള മുസ്ലിം ജമാഅത്ത്, കണക്കൻ മഹാസഭ, കേരള ദലിത് ഫെഡറേഷൻ (ഡി), കേരള നാടാൻ മഹാജനസംഘം, കേരള യാദവ സഭ, സംവരണ സമുദായ മുന്നണി, ദക്ഷിണേന്ത്യൻ നാടാർ സംഘം, കാക്കാല കുറവ മഹാസഭ, വിളക്കിത്തല നായർ സമാജം, കേരള ഗണക മഹാസഭ, അഖിലകേരള ധീവരസഭ തുടങ്ങി 50 സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.