ജാതി സെൻസസ്: സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം
text_fieldsജാതി സെൻസസ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് പിന്നാക്ക, ന്യൂനപക്ഷ, പട്ടികജാതി-വർഗ സംഘടനകളുടെ ഐക്യവേദിയായ ആക്ഷൻ കൗൺസിൽ ഫോർ എസ്.ഇ.സി.സി സെക്രട്ടേറിയറ്റിൽ മുന്നിൽ ആരംഭിച്ച രാപകൽ സമരം ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: ജാതി സെൻസസ് ആവശ്യപ്പെട്ടും അർഹമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിന്റെ നേർചിത്രങ്ങൾ തുറന്നുകാട്ടിയും പിന്നാക്ക, ന്യൂനപക്ഷ, പട്ടികജാതി-വർഗ സംഘടനകളുടെ ഐക്യവേദിയായ ആക്ഷൻ കൗൺസിൽ ഫോർ എസ്.ഇ.സി.സി നേതൃത്വത്തിലുള്ള രാപ്പകൽ സമരത്തിന് സെക്രട്ടേറിയറ്റിനുമുന്നിൽ പ്രൗഢോജ്ജ്വല തുടക്കം. ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
പാർശ്വവത്കരിക്കപ്പെട്ട പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ അവകാശങ്ങളും അധികാരവിഹിതവും ആനുപാതിക പ്രാതിനിധ്യവും ഉറപ്പുവരുത്താൻ ജാതി സെൻസസ് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മുൻകാലങ്ങളിൽ അധികാരവിഹിതങ്ങളൊന്നാകെ കൈയടക്കിവെച്ചവർ ഇപ്പോഴും അത് തുടരുകയാണ്. അനർഹമായി നൽകിയ അധികാരങ്ങളും പദവികളും പുറത്തുവരുമെന്ന് ഭയന്നാണ് ജാതി സെൻസസിന് സർക്കാറും വൈമനസ്യം കാട്ടുന്നത്. പാർശ്വവത്കൃത വിഭാഗങ്ങളുടെ അർഹമായ അവകാശങ്ങൾ നഷ്ടപ്പെടുമെന്നതാണ് ഇതിന്റെ അനന്തരഫലം.പിന്നാക്ക-അധഃസ്ഥിത വിഭാഗങ്ങളുടെ ക്ഷേമപദ്ധതികൾ തയാറാക്കാൻ ഇപ്പോഴും ആശ്രയിക്കുന്നത് ബ്രിട്ടീഷ് കാലത്ത് തയാറാക്കിയ കണക്കുകളാണെന്നത് അവഗണനയുടെ ആഴം വ്യക്തമാക്കുന്നു.
ജാതി സെൻസസ് വിഷയത്തിൽ കോൺഗ്രസിന് ഡൽഹിലും കേരളത്തിലും രണ്ടഭിപ്രായമാണ്.
കേരളത്തിലെ ഭൂരിപക്ഷ സമുദായത്തെ ഭയന്നാണ് ഈ ഇരട്ട നിലപാട്. പുരോഗമനപരമെന്ന് അവകാശപ്പെടുന്ന ഇടതു സർക്കാറിനും ഭയമാണ്. ഈ ഭയം മറികടക്കാനാണ് പോരാട്ടം.
സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ട പരമ്പരകളിലെ പുതിയ പോർമുഖമാണ് ജാതി സെൻസസിനായുള്ള സംയുക്ത പ്രക്ഷോഭം.
കൊടിക്കൂറകളുടെ നിറവ്യത്യാസങ്ങൾക്കും പ്രത്യയശാസ്ത്രങ്ങളുടെ അതിർവരമ്പുകൾക്കും പ്രസ്ഥാനങ്ങളുടെ ആഭ്യന്തര താൽപര്യങ്ങൾക്കുമപ്പുറം പിന്നാക്ക വിഭാഗങ്ങളുടെ പൊതു താൽപര്യങ്ങൾക്കുവേണ്ടി ഈ കൂട്ടായ്മ നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
ആക്ഷൻ കൗൺസിൽ ചെയർമാൻ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അധ്യക്ഷത വഹിച്ചു.
വി.ആർ. ജോഷി, ബിജു ജോസി കരുമാൻചേരി, കുട്ടപ്പൻ ചെട്ടിയാർ, എൻ.ഡി. പ്രേമചന്ദ്രൻ, വിഷ്ണുപുരം ചന്ദ്രശേഖരൻ, പാട്രിക് മൈക്കിൾ, എച്ച്. ഷഹീർ മൗലവി, കെ.കെ. സുരേഷ്, എ.കെ. സജീവ്, ജി. നിശീകാന്ത്, എം.എം. അഷ്റഫ്, ജെ. ലോറൻസ്, പി.പി. രാജൻ, പ്രഫ. അബ്ദുൽ റഷീദ്, നദീർ കടയറ, എം. യഹ്യ, അൽഅമീൻ, ജോയ് നാടാർ, ഡോ. അറുമുഖം, ഡോ. ഷാജി കുമാർ, ടി.കെ. മുരളീധരൻ പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.
ജാതി സെൻസസ് ആരുടെയും ഔദാര്യമല്ല -വി.ആർ. ജോഷി
തിരുവനന്തപുരം: ജാതി സെൻസസ് ആരുടെയും ഔദാര്യമോ സൗജന്യമോ അല്ലെന്ന് പിന്നാക്ക വിഭാഗ വികസന കോർപറേഷൻ മുൻ ഡയറക്ടർ വി.ആർ. ജോഷി. ഭരണഘടന ഉറപ്പുനൽകുന്ന ആനുപാതിക പ്രാതിനിധ്യത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് കണ്ടെത്താൻ അനിവാര്യമായും ചെയ്യേണ്ടതാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രാതിനിധ്യം ജനസംഖ്യാനുപാതികമായി കണ്ടെത്തണമെങ്കിൽ കണക്ക് വേണം. ഇത്തരമൊരു കണക്കെടുപ്പ് നടന്നാൽ സവർണ വിഭാഗങ്ങൾ കുത്തകയാക്കി വെച്ചിരിക്കുന്ന അധികാരവും സമ്പത്തും വിഭവങ്ങളും പദവികളും പൊതുസമൂഹം അറിയും. അത് തടസ്സപ്പെടുത്തുകയാണ് സർക്കാറിന്റെയും നിലപാട്. പാവപ്പെട്ടവരുടെ മറവിലാണ് സാമ്പത്തിക സംവരണമെന്ന് പേരുപറഞ്ഞ് സവർണ സംവരണം നടപ്പാക്കിയത്. ജാതി സെൻസസ് വഴി കണക്കുകൾ പുറത്തുവന്നാൽ ഇപ്പോൾ നൽകുന്ന 10 ശതമാനം സാമ്പത്തിക സംവരണം രണ്ട് ശതമാനമോ ഒരു ശതമാനമോ ആയി കുറക്കേണ്ടിവരുമെന്നും ജാതി സെൻസസിനുവേണ്ടിയുള്ള പോരാട്ടങ്ങൾ ആരെതിർത്താലും ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.