‘ഹാൽ’ സിനിമ സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നതിനെതിരെ കാത്തലിക് കോൺഗ്രസ്
text_fieldsകൊച്ചി: ‘ഹാൽ’ സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹൈകോടതിയിൽ കാത്തലിക് കോൺഗ്രസിന്റെ അപ്പീൽ ഹരജി. ക്രിസ്ത്യൻ സമുദായത്തേയും താമരശ്ശേരി ബിഷപ്പ് ഹൗസിനെയും പ്രതിപാദിക്കുന്ന മൂന്ന് സീനുകൾ ഒഴിവാക്കാൻ സെൻസർ ബോർഡ് നിർദേശിച്ചിട്ടും കോടതി അനുമതി നൽകിയെന്നാരോപിച്ചാണ് ഹരജി. ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി വിധി പറയാൻ മാറ്റി.
ഷെയ്ൻ നിഗം നായകനായ ‘ഹാൽ’ സിനിമക്ക് ഒരു ഡസനോളം കട്ടുകൾ നിർദേശിച്ച സെൻസർ ബോർഡിന്റെ നിർദേശം ചോദ്യംചെയ്ത് നിർമാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും സമർപ്പിച്ച ഹരജിയിലാണ് ഇവയിൽ ചിലത് മാത്രം നടപ്പാക്കി സർട്ടിഫിക്കറ്റ് അനുവദിക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. സെൻസർ ബോർഡ് നിർദേശിച്ച,
ബീഫ് ബിരിയാണി കഴിക്കുന്ന സീനുകളടക്കം ഒഴിവാക്കാനായിരുന്നു ഉത്തരവ്. തങ്ങളുടെ പരാതിയിലാണ് സഭയെ പ്രതിപാദിക്കുന്ന മൂന്ന് സീനുകൾ ഒഴിവാക്കാൻ സെൻസർ ബോർഡ് നിർദേശിച്ചതെന്നും അവ സിംഗിൾ ബെഞ്ച് അനുവദിച്ചതിനാൽ അപ്പീൽ നൽകാനാകുമെന്നും കാത്തലിക് കോൺഗ്രസ് വാദിച്ചു. സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിനുള്ളിൽ ഉത്തരവുണ്ടാകുമെന്നും സ്റ്റേ ആവശ്യമില്ലെന്നും വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച്, ഹരജി വിധി പറയാൻ മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

