ബി.ജെ.പിയിൽ ചേർന്ന് പള്ളി വികാരി; ചുമതലകളിൽനിന്ന് നീക്കി ഇടുക്കി രൂപത
text_fieldsചെറുതോണി: ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്തിൽപെട്ട മങ്കുവ സെന്‍റ് തോമസ് ദേവാലയത്തിലെ ഇടവക വികാരി ഫാ. കുര്യാക്കോസ് മറ്റം ബി.ജെ.പിയിൽ ചേർന്നത് വിവാദമായി. അംഗത്വം സ്വീകരിച്ച വികാരിയെ ഇടവകയുടെ ചുമതലയിൽനിന്ന് മാറ്റി രൂപത കാര്യാലയം.
അഞ്ചുദിവസം മുമ്പാണ് ഫാ. കുര്യാക്കോസ് മറ്റം അംഗത്വം സ്വീകരിച്ചതെങ്കിലും തിങ്കളാഴ്ച ബി.ജെ.പിയുടെ ജില്ല നേതാക്കൾ പള്ളിയിലെത്തി സ്വീകരണം നൽകിയപ്പോഴാണ് സംഭവം അറിയുന്നത്. അടുത്തവർഷം വിരമിക്കാനിരിക്കെയാണ് വികാരി ബി.ജെ.പിയിൽ ചേർന്നത്. രൂപതയിൽനിന്നും ഇതുസംബന്ധിച്ച് അന്വേഷണ കമീഷനെ വെക്കുമെന്നും റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും രൂപത വക്താവ് പറഞ്ഞു.
ഒരു വൈദികന് ഒരു പാർട്ടിയിലും ഔദ്യോഗകമായി ചേരാൻ അനുവാദമില്ല. വികാരിയുടെ ചുമതലയുള്ളവർ പാർട്ടി അംഗത്വമെടുത്താൽ ഇടവക അംഗങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കുമെന്നാണ് രൂപതയുടെ വിശദീകരണം. ഒരു വൈദികൻ ബി.ജെ.പിയുടെ അംഗത്വമെടുക്കുന്നത് ഇതാദ്യമായാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ക്രൈസ്തവർക്ക് ചേരാൻ കൊള്ളാത്ത പാർട്ടിയാണ് ബി.ജെ.പി എന്ന് കരുതുന്നില്ലെന്ന് ഫാ. കുര്യാക്കോസ് മറ്റം വിഷയത്തിൽ പ്രതികരിച്ചു. തിങ്കളാഴ്ച ബി.ജെ.പി ഇടുക്കി ജില്ല പ്രസിഡന്‍റ് കെ.എസ്. അജിയുടെ നേതൃത്വത്തിൽ നേതാക്കൾ പള്ളിയിലെത്തി വൈദികനെ ഷാൾ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിക്കുകയായിരുന്നു.
സംഭവമറിഞ്ഞയുടൻ ഇടവകയിലുള്ള ചിലർ പള്ളിയിലെത്തി പ്രതിഷേധിച്ചിരുന്നു. തുടർന്ന് പൊലീസെത്തി ആളുകളെ ഒഴിവാക്കി. വിവരമറിഞ്ഞ് രൂപതയിൽനിന്ന് വാഹനത്തിൽ വികാരിയെ കരിമ്പനിലുള്ള രൂപത കാര്യാലയത്തിലേക്കും അവിടെനിന്ന് അടിമാലിയിലേക്കും മാറ്റുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.