മരണകാരണം ഇഡ്ഡലിയല്ല; കടലക്കറിയിൽ വിഷം കലർത്തി അച്ഛനെ കൊന്ന ആയുർവേദ ഡോക്ടർ അറസ്റ്റിൽ
text_fieldsമുളങ്കുന്നത്തുകാവ് (തൃശൂർ): അവണൂരിൽ പിതാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ആയുർവേദ ഡോക്ടറായ മകൻ അറസ്റ്റിൽ. ഞായറാഴ്ച അവണൂര്‍ സ്വദേശി എടക്കുളം അമ്മനത്ത് വീട്ടിൽ ശശീന്ദ്രൻ (57) മരിച്ചതാണ് കൊലപാതകമെന്ന് തെളിഞ്ഞത്. മകൻ മയൂരനാഥനെ (25) തൃശൂർ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക കാരണം ഭക്ഷണത്തിൽ വിഷം കലർത്തുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.
ഭക്ഷ്യവിഷബാധയേറ്റതെന്ന സംശയമായിരുന്നു ആദ്യം. എന്നാൽ, പോസ്റ്റ്മോർട്ടത്തിൽ ഭക്ഷ്യവിഷബാധയല്ലെന്നും വിഷാംശം തന്നെയാണ് മരണത്തിന് ഇടയാക്കിയതെന്നും സ്ഥിരീകരിച്ചതോടെയാണ് പൊലീസ് മകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ശശീന്ദ്രന്‍റെ ആദ്യ ഭാര്യയിലെ മകനാണ് മയൂരനാഥൻ. രണ്ടാം ഭാര്യയാണ് ഇപ്പോഴുള്ളത്. അമ്മ കമലാക്ഷി (90), ഭാര്യ ഗീത (42), തെങ്ങുകയറ്റ തൊഴിലാളികളായ വേലൂർ തണ്ടിലം സ്വദേശി ചന്ദ്രൻ (47), മുണ്ടൂർ വേളക്കോട് സ്വദേശി ശ്രീരാമചന്ദ്രൻ (50) എന്നിവർ ഇതേ ഭക്ഷണം കഴിച്ച് അസ്വസ്ഥതയനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലാണ്.
ഏറെ നാളായി ഇവർക്കിടയിൽ സ്വത്ത് തർക്കത്തെ തുടർന്നുള്ള വൈരാഗ്യമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായത്. മയൂരനാഥൻ ഓൺലൈനിലാണ് വിഷക്കൂട്ടുകൾ എത്തിച്ചത്. വിഷം വീട്ടിൽ തയാറാക്കുകയായിരുന്നു. പ്രഭാതഭക്ഷണം ഇഡലിയും സാമ്പാറും കടലക്കറിയുമായിരുന്നു. വിഷം കടലക്കറിയിൽ ചേർക്കുകയായിരുന്നു. പ്രഭാതഭക്ഷണമായി ശശീന്ദ്രനും ഭാര്യയും അമ്മയും തെങ്ങ് കയറാനെത്തിയ രണ്ട് തൊഴിലാളികളും ഇത് കഴിച്ചെങ്കിലും മയൂരനാഥൻ കഴിച്ചിരുന്നില്ല.
ഭക്ഷ്യവിഷബാധയാണെങ്കില്‍ അര മണിക്കൂറിനുള്ളില്‍ തന്നെ രക്തം ഛര്‍ദിച്ച് മരണത്തിന് കീഴടങ്ങുന്ന സാഹചര്യമുണ്ടാകില്ലെന്നതാണ് മരണത്തിന് കാരണമായത് വിഷാംശം തന്നെയെന്ന നിഗമനത്തിലേക്ക് പൊലീസ് എത്താൻ കാരണമായത്. പല സമയങ്ങളിലായാണ് ഓരോരുത്തരിലും ദേഹാസ്വാസ്ഥ്യം പ്രകടമായത് എന്നതും പൊലീസിനെ സംശയത്തിലാക്കി. ഭക്ഷ്യവിഷബാധയാണെങ്കില്‍ ഒരു മണിക്കൂര്‍ എന്നത് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാനുള്ള സമയമേ ആകൂ.
ശശീന്ദ്രന്റെ സംസ്കാരത്തിന് പിന്നാലെ മകൻ മയൂരനാഥിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.