Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅറസ്റ്റ് ചെയ്യുമെന്ന്...

അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; സി.ബി.ഐ ഉദ്യോഗസ്ഥർ ചമഞ്ഞ് കാഞ്ഞങ്ങാട്ട് റിട്ട. അധ്യാപകന്റെയും ഭാര്യയുടെയും രണ്ടരകോടി തട്ടി

text_fields
bookmark_border
അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; സി.ബി.ഐ ഉദ്യോഗസ്ഥർ ചമഞ്ഞ് കാഞ്ഞങ്ങാട്ട് റിട്ട. അധ്യാപകന്റെയും ഭാര്യയുടെയും രണ്ടരകോടി തട്ടി
cancel

കാഞ്ഞങ്ങാട്: സി.ബി.ഐ ഉദ്യോഗസ്ഥർ ചമഞ്ഞ് ഡിജിറ്റൽ അറസ്റ്റെന്ന് ഭീഷണിപ്പെടുത്തി കാഞ്ഞങ്ങാട്ട് റിട്ട. അധ്യാപകന്റെയും ഭാര്യയായ ഡോക്ടറുടെയും അക്കൗണ്ടുകളിൽനിന്ന് രണ്ടരകോടിയോളം രൂപ തട്ടിയെടുത്തു.

മണി ലോൺഡറിങ് കേസിൽപെട്ട് ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് പറഞ്ഞ് 2,40,00,000 രൂപയാണ് തട്ടിയെടുത്തത്. തെരുവത്ത് ലക്ഷ്മി നഗറിൽ മഖാം റോഡിലെ കെ.വി ക്വാർട്ടേഴ്സിൽ താമസിക്കുന്ന റിട്ട. പ്രഥമാധ്യാപകൻ വിഷ്ണു എമ്പ്രാന്തിരി, ഭാര്യയും ഹോമിയോ ഡോക്ടറുമായ കെ.പി. പ്രസന്നകുമാരി എന്നിവർക്കാണ് പണം നഷ്ടപ്പെട്ടത്. ന്യൂഡൽഹിയിലെ ട്രായിയിൽനിന്നാണെന്ന് പറഞ്ഞാണ് ഫോൺവിളിയെത്തിയത്. ആഗസ്റ്റ് എട്ടിനാണ് വിളി വന്നത്. പിന്നാലെ മുംബൈ സി.ബി.ഐ ആണെന്ന് പറഞ്ഞ് വിഡിയോ കാളുമെത്തി. പൊലീസ് യൂനിഫോമിട്ട ഒരാളാണ് വിഡിയോ കാളിൽ പ്രത്യക്ഷപ്പെട്ടത്. ഹിന്ദിയിൽ സംസാരിക്കുകയും ഒപ്പം മലയാള പരിഭാഷകനെത്തുകയും ചെയ്തു.

എന്നാൽ, മലയാളം പരിഭാഷകനെ നേരിൽ കാണാനായില്ല. ഭാര്യയുടെ കനറ ബാങ്ക് അക്കൗണ്ടിലേക്ക് 20 ലക്ഷം രൂപ 2022 മുതൽ വന്നിട്ടുണ്ടെന്ന് സംഘം പറഞ്ഞു. അത്തരം അക്കൗണ്ടില്ലെന്നറിയിച്ചപ്പോൾ ഭാര്യയുടെ ആധാർ കാർഡിന്റെ കോപ്പി അവർ വാട്സ്ആപ് കാളിൽ കാണിച്ച് വിശ്വാസ്യത നേടി. രണ്ടുകോടി രൂപയുടെ കള്ളപ്പണ വെളുപ്പിക്കലുമായി ബന്ധപ്പെട്ട് നരേഷ് ഗോയൽ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 247 ആളുകൾ കേസിലുണ്ടെന്നും ഭാര്യ അതിലൊരാളാണെന്നും വിഷ്ണു എമ്പ്രാന്തിരിയോട് പറഞ്ഞു. ഭാര്യയുടെ അക്കൗണ്ട് വെരിഫൈ ചെയ്ത് നരേഷ് ഗോയലുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് അറിയിച്ചത്. തുടർന്ന് ഒരു കത്തെഴുതി രണ്ടുപേരുടെയും ഫോട്ടോ ഒപ്പിട്ട് അയച്ചുകൊടുക്കാൻ പറഞ്ഞു. കോടതിയിൽ നൽകാനാണെന്ന് പറഞ്ഞതോടെ ഇത് വിശ്വസിച്ച ദമ്പതികൾ അയച്ചുകൊടുത്തു. പിന്നീട് പല നമ്പറുകളിൽനിന്ന് വിഡിയോകാൾ വന്നു. അക്കൗണ്ട് വ്യക്തത വരുത്താൻ എന്നാണ് പറഞ്ഞത്.

പിന്നീട് രണ്ടുപേരുടെയും മുഴുവൻ അക്കൗണ്ട് വിവരങ്ങളും അതിലുള്ള തുകയും അവർ ചോദിച്ചു. ഹോസ്‌ദുർഗ് കോഓപറേറ്റിവ് ബാങ്ക്, ഹോസ്‌ദുർഗ് കോഓപറേറ്റിവ് അർബൻ സൊസൈറ്റി എന്നിവിടങ്ങളിലെ അക്കൗണ്ട് വിവരങ്ങൾ കൈമാറി. അക്കൗണ്ടുകളിലുള്ള തുക വെരിഫൈ ചെയ്യാൻ ആർ.ടി.ജി.എസ് വഴി അവരുടെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യണമെന്ന് പറഞ്ഞു. ഇതോടെ അക്കൗണ്ടുകളിലുള്ള 64 ലക്ഷം, 1,26,67,000 രൂപ എന്നിവ പുതിയകോട്ടയിലെ കർണാടക ബാങ്കിലേക്ക് മാറ്റാൻ അപേക്ഷ നൽകി. കേസ് നടക്കുന്നതിനാൽ അക്കൗണ്ടുകളിലെ പണം അയച്ചുകൊടുക്കാൻ സുപ്രീംകോടതിയുടെ വിധിയുണ്ടെന്ന് സൂചിപ്പിക്കുന്ന കത്ത് തട്ടിപ്പുകാർ ഇവർക്ക് കൈമാറി. ഫോൺ വിളിച്ചവരുടെ നിർദേശപ്രകാരം കർണാടക ബാങ്കിൽനിന്ന് പണം വിവിധ ബാങ്കുകളിലേക്ക് മാറ്റി. ഐ.സി.ഐ.സി.ഐ, മസ്കോട്ട് മാനേജ്മെന്റ് സൊലൂഷൻസ്, യെസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയ ബാങ്കുകളിലേക്കാണ് ദമ്പതികൾ പണം അയച്ചുകൊടുത്തത്.

ആഗസ്റ്റ് 21 വരെ വിവിധ ദിവസങ്ങളിൽ തട്ടിപ്പുസംഘം ബന്ധപ്പെട്ടിരുന്നു. അധ്യാപകൻ തന്റെ അക്കൗണ്ടുകളിലെ മുഴുവൻ തുകയും അയച്ചുകൊടുത്തു കഴിഞ്ഞപ്പോഴായിരുന്നു ഭാര്യയുടെ അക്കൗണ്ടുകളിലെ പണംകൂടി അയക്കാൻ ആവശ്യപ്പെട്ടത്. കൂടുതൽ പണം അയക്കാൻ സംഘം ആവശ്യപ്പെട്ടു. ഇതോടെ വിഷ്ണു എമ്പ്രാന്തിരി അടുത്ത ബന്ധുവിനെ വിവരമറിയിച്ചു. ഇദ്ദേഹം പണം അയക്കരുതെന്ന് പറഞ്ഞതോടെ തുടർന്ന് പണം അയച്ചില്ല. വിഷ്ണു എമ്പ്രാന്തിരി കാസർകോട് സൈബർ സെല്ലിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceFraud Casedigital arrest scam
News Summary - CBI officials duped retired Kanhangad teacher and his wife of Rs. 2.5 crore
Next Story