സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷക്ക് 2015ലെ ചോദ്യപേപ്പർ; പരീക്ഷയെഴുതിയ വിദ്യാർഥിനി ആശങ്കയിൽ
text_fieldsകോട്ടയം: രണ്ടുവർഷം മുമ്പ് നടന്ന പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ ഇക്കൊല്ലം നൽകി സി.ബി.എസ്.ഇ വിദ്യാർഥിനിയെ വട്ടംചുറ്റിച്ചു. കോട്ടയം കുമ്മനം ചാത്തൻകോട്ടുമാലിൽ കൊച്ചുവാഴയിൽ സലീമിെൻറ മകൾ ആമിയ സലീമിനാണ് മാർച്ച് 28ന് രാവിലെ നടന്ന കണക്ക് പരീക്ഷക്ക് 2015ലെ ചോദ്യപേപ്പർ കിട്ടിയത്.
കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ വിദ്യാനികേതൻ സ്കൂൾ വിദ്യാർഥിനിയായ ആമിയക്ക് വടവാതൂർ നവോദയ വിദ്യാലയമായിരുന്നു പരീക്ഷകേന്ദ്രം. തനിക്കുകിട്ടിയത് പഴയ ചോദ്യപേപ്പറാണെന്ന് അറിയാതെ പരീക്ഷയെഴുതി പുറത്തിറങ്ങിയ ആമിയ സഹപാഠികളുമായി പരീക്ഷക്കാര്യം ചർച്ച ചെയ്തപ്പോഴാണ് തെൻറ ചോദ്യക്കടലാസ് വേറെയാണെന്ന് മനസ്സിലാക്കിയത്.
ഉടൻ പഠിച്ച സ്കൂളിൽ പരാതിയുമായെത്തിയ കുട്ടിയെ ആശ്വസിപ്പിച്ച സ്കൂൾ അധികൃതർ സി.ബി.എസ്.ഇ റീജനൽ ഓഫിസിൽ പരാതി നൽകുകയായിരുന്നു. മാതാപിതാക്കളും പരാതി നൽകി. ആമിയക്ക് മാത്രമാണ് ചോദ്യപേപ്പർ മാറിയതെന്നും പഴയ ചോദ്യപേപ്പർ അബദ്ധത്തിൽ കടന്നുകൂടിയതാകാമെന്നുമാണ് അധികൃതരുടെ അനൗദ്യോഗിക വിശദീകരണം.
സ്കൂളിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളിലൊരാളാണ് ആമിയ. ചോദ്യപേപ്പർ മാറി ഉത്തരമെഴുതിയത് പരീക്ഷ ഫലത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാർഥിനിയും വീട്ടുകാരും. ദുബൈ ഖരാമയിൽ കമ്പനിയിൽ ഉദ്യോഗസ്ഥനാണ് പിതാവ് സലീം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.