ചോദ്യ പേപ്പർ മാറി ലഭിക്കൽ: പുനഃപരീക്ഷ സി.ബി.എസ്.ഇക്ക് തീരുമാനിക്കാമെന്ന് ഹൈകോടതി
text_fields
കൊച്ചി: പത്താം ക്ലാസിലെ കണക്ക് പരീക്ഷക്ക് പഴയ ചോദ്യപേപ്പർ ലഭിച്ച വിദ്യാർഥിനിക്ക് വേണ്ടി സി.ബി.എസ്.ഇക്ക് ആവശ്യമെങ്കിൽ പുനഃപരീക്ഷ നടത്താമെന്ന് ഹൈകോടതി. കോട്ടയം മൗണ്ട് കാർമൽ വിദ്യാനികേതൻ സ്കൂൾ വിദ്യാർഥിനി അമീയ സലിം നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. ബന്ധപ്പെട്ട ഉത്തര കടലാസുകളുടെ മൂല്യ നിർണയത്തിന് മുമ്പ് വീണ്ടും പരീക്ഷ നടത്താൻ ഹരജി തടസ്സമല്ലെന്ന് കോടതി വ്യക്തമാക്കി.
മാർച്ച് 28ന് നടത്തിയ സി.ബി.എസ്.ഇ കണക്ക് പരീക്ഷയിൽ അമിയക്ക് പഴയ ചോദ്യ പേപ്പറാണ് ലഭിച്ചത്. ഇതറിയാതെ പരീക്ഷ എഴുതുകയും ചെയ്തു. പിന്നീട് കൂട്ടുകാരുമായി പരീക്ഷയുടെ വിവരങ്ങൾ പങ്കുവെക്കുമ്പോഴാണ് ചോദ്യ പേപ്പർ പഴയതായിരുന്നെന്ന് തിരിച്ചറിഞ്ഞത്. പരീക്ഷ സൂപ്രണ്ട് കൂടിയായ പ്രിൻസിപ്പലിന് പരാതി നൽകി. സംഭവം പരിശോധിച്ച പ്രിൻസിപ്പൽ ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ഇക്കാര്യം സി.ബി.എസ്.ഇ റീജനൽ ഒാഫിസിൽ ഇ-മെയിൽ വഴി അറിയിക്കുകയും ചെയ്തു. എന്നാൽ, മറുപടിയോ തുടർ നടപടിയോ ഉണ്ടാകാതിരുന്ന സാഹചര്യത്തിൽ ഹരജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.
മൂല്യനിർണയം ഉടൻ തുടങ്ങുമെന്നും ഇപ്പോഴത്തെ ചോദ്യ പേപ്പറിെൻറ അടിസ്ഥാനത്തിൽ തെൻറ ഉത്തരക്കടലാസ് നോക്കുന്നത് തെൻറ തോൽവിക്ക് കാരണമാകുമെന്നും ഹരജിയിൽ പറയുന്നു. പ്രശ്നം തെൻറ വീഴ്ച മൂലമുണ്ടായതല്ല. അതിനാൽ, ഇതിെൻറ പേരിൽ തന്നെ ബലിയാടാക്കുന്നത് അന്യായമാണ്. അതിനാൽ, താനെഴുതിയ ഉത്തരങ്ങൾ തനിക്ക് ലഭിച്ച പഴയ ചോദ്യപേപ്പറിെൻറ അടിസ്ഥാനത്തിൽ മൂല്യ നിർണയം നടത്തണമെന്നാണ് ഹരജിക്കാരിയുടെ ആവശ്യം. ഹരജിയിൽ കോടതി സി.ബി.എസ്.ഇയുടെ വിശദീകരണം തേടിയിട്ടുണ്ട്.
കോടതി വിധിയിൽ സന്തോഷം -ആമിയ സലിം
കോട്ടയം: സി.ബി.എസ്.ഇ പത്താം ക്ലാസ് കണക്ക് പരീക്ഷ സംബന്ധിച്ച കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് കുമ്മനം ചാത്തൻകോട്ടുമാലിൽ കൊച്ചുവാഴയിൽ ആമിയ സലിം. സി.ബി.എസ്.ഇ എപ്പോൾ പരീക്ഷ നടത്തിയാലും താൻ തയാറാണ്. കൂടുതൽ മാർക്ക് വാങ്ങാൻ കഴിയും. പ്രതീക്ഷിച്ച വിധിയാണിതെന്നും ആമിയ പ്രതികരിച്ചു. മാർച്ച് 28ന് കോട്ടയം വടവാതൂർ നവോദയ വിദ്യാലയം സെൻററിൽ നടന്ന പരീക്ഷയിലാണ് ആമിയക്ക് മാത്രം ചോദ്യപേപ്പർ മാറിക്കിട്ടിയത്. പരീക്ഷയെഴുതി പുറത്തിറങ്ങിയ ശേഷമാണ് മറ്റു കുട്ടികൾക്ക് കിട്ടിയതിൽനിന്ന് വ്യത്യസ്തമായി, രണ്ടുവർഷം മുമ്പുനടന്ന പരീക്ഷയുടെ ചോദ്യപേപ്പറാണ് തനിക്കു കിട്ടിയതെന്ന് ആമിയ തിരിച്ചറിഞ്ഞത്.
2016ൽ സഹോദരൻ അൽത്താഫ് സലിം എഴുതിയ പരീക്ഷയുടെ അതേ ചോദ്യപേപ്പറായിരുന്നു ഇക്കൊല്ലം ആമിയക്കും ലഭിച്ചത്. പഠിച്ച കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ വിദ്യാനികേതൻ സ്കൂൾ മുഖേന സി.ബി.എസ്.ഇ റീജനൽ അധികൃതർക്ക് രക്ഷിതാക്കൾ പരാതി നൽകിയെങ്കിലും വ്യക്തമായ മറുപടി കിട്ടിയിരുന്നില്ല.
തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. സ്കൂളിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളിലൊരാളാണ് ആമിയ. ചോദ്യപേപ്പർ മാറി ഉത്തരമെഴുതിയത് പരീക്ഷഫലത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്. ദുബൈ ഖരാമയിൽ കമ്പനിയിൽ ഉദ്യോഗസ്ഥനാണ് പിതാവ് സലിം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.