തലവരിപ്പണം വാങ്ങുന്ന വിദ്യാലയങ്ങളിൽനിന്ന് പിഴ ഇൗടാക്കും -സി.ബി.എസ്.ഇ
text_fieldsതിരുവനന്തപുരം: സ്കൂൾ പ്രവേശനത്തിന് തലവരിപ്പണം വാങ്ങുന്ന സി.ബി.എസ്.ഇ സ്കൂളുകളിൽനിന്ന് തുകയുടെ പത്തിരട്ടിവരെ പിഴ ഇൗടാക്കുമെന്ന് സി.ബി.എസ്.ഇ അധികൃതർ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷനെ അറിയിച്ചു.
ബിസിനസായല്ല, സാമൂഹ്യ സേവനമായാണ് സ്കൂൾ പ്രവർത്തിക്കുന്നതെന്നും യാതൊരു വിധത്തിലുള്ള വാണിജ്യ പ്രവർത്തനത്തിലും സ്കൂൾ ഉൾപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് നിർദേശിച്ചിട്ടുള്ളതായും സി.ബി.എസ്.ഇ അധികൃതർ വ്യക്തമാക്കി. സി.ബി.എസ്.ഇയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ വിദ്യാലയങ്ങളുടെയും മേധാവികൾക്ക് ഇതുമായി ബന്ധപ്പെട്ട സർക്കുലർ അയച്ചുകൊടുത്തിട്ടുണ്ട്.
എറണാകുളം ജില്ലയിലെ ഒരു സ്കൂളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ നൽകിയ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് സി.ബി.എസ്.ഇയുടെ വിശദീകരണം. ഇൗ പരാതിയിൻമേൽ കമീഷൻ നിർദേശിച്ചിരിക്കുന്ന തരത്തിൽ മാത്രമേ ഫീസ് ഇടാക്കാവൂയെന്നും മറ്റേതെങ്കിലും പേരിൽ അധികം തുക വാങ്ങരുതെന്നും സി.ബി.എസ്.ഇ ഇൗ സ്കൂളിന് നിർദേശം നൽകി.
കൂടാതെ കമീഷെൻറ നിർദേശങ്ങൾ, സി.ബി.എസ്.ഇ അഫിലിയേഷൻ ബൈലാ, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നൽകിയ എൻ.ഒ.സിയിലെ വ്യവസ്ഥകൾ എന്നിവ പാലിക്കാനും ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ ഏഴു ദിവസത്തിനകം അറിയിക്കാനും സ്കൂളിനോട് സി.ബി.എസ്.ഇ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.