ചോരുന്ന വീട്, ലക്ഷങ്ങളുടെ വായ്പ; ജപ്തിഭീഷണിയിൽ ഒരു എം.എൽ.എ...
text_fieldsസി.സി. മുകുന്ദൻ എം.എൽ.എ
അന്തിക്കാട്: കാലപ്പഴക്കത്താൽ ദ്രവിച്ച വീട്, ഓടിട്ട മേൽക്കൂര നശിച്ചതോടെ മഴവെള്ളം കെട്ടിക്കിടക്കുന്ന അകത്തളം, നിരത്തിവെച്ച പാത്രങ്ങളിൽ മേൽക്കൂരയിൽനിന്നുള്ള മഴവെള്ളം നിറഞ്ഞിരിക്കുന്നു, ജപ്തിഭീഷണി നേരിടുന്ന ആ വീട്ടിൽ ഇത്തിരി സ്ഥലത്ത് കട്ടിലിൽ കാലൊടിഞ്ഞ് കിടക്കുന്നത് സാധാരണക്കാരനല്ല. സ്ഥലം എം.എൽ.എ! സി.പി.ഐയുടെ നാട്ടിക മണ്ഡലം സിറ്റിങ് എം.എൽ.എയായ സി.സി. മുകുന്ദനാണ് ഈ ദുരിത ജീവിതം നയിക്കുന്നത്. വീട് ജപ്തിഭീഷണി നേരിടുന്നവരും ഭവനനിർമാണത്തിന് സഹായമാവശ്യപ്പെട്ടും സമീപിക്കുന്നവർ അറിയുന്നുണ്ടോ അതിലും പരിതാപകരമായ ജീവിതസാഹചര്യത്തിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നതെന്ന്.
ബാങ്ക് വായ്പയെടുത്ത് 18 ലക്ഷത്തിലധികം രൂപയുടെ ബാധ്യത കാരണം വീട് ജപ്തിഭീഷണിയിലാണ്. കാലപ്പഴക്കമുള്ള വീട് ശക്തിയായ കാറ്റോ മഴയോ വന്നാൽ ഇടിയുന്ന നിലയിലാണ്. മകളുടെ വിവാഹാവശ്യത്തിന് സഹകരണ ബാങ്കിൽനിന്ന് 10 വർഷം മുമ്പ് എടുത്ത ആറു ലക്ഷം രൂപ വായ്പയാണിപ്പോൾ ഇത്രയും വലിയ കുടിശ്ശികയിൽ എത്തിയത്. പലതവണ ബാങ്ക് നോട്ടീസ് അയച്ചിട്ടും അടക്കാൻ നിർവാഹമില്ല. കാർ വാങ്ങാൻ സർക്കാർ അനുവദിച്ച വായ്പയുടെ തിരിച്ചടവ് മാസം 28,000 രൂപയാണ്. മറ്റൊരു ബാങ്ക് വായ്പയെടുത്തതും അടക്കേണ്ടതുണ്ട്.
മുൻ പഞ്ചായത്തംഗമായിരുന്ന ഭാര്യ രാധിക മുകുന്ദന് ജോലിയൊന്നുമില്ല. രണ്ടു പെൺമക്കളാണ്. എം.എൽ.എ എന്ന നിലയിൽ ഓണറേറിയവും ചെത്തുതൊഴിലാളി സഹകരണ സംഘത്തിൽ അറ്റൻഡറായി ജോലിചെയ്ത വകയിൽ ലഭിക്കുന്ന ചെറിയ പെൻഷനുമാണ് വരുമാനം. വീട്ടിനുള്ളിൽ കഴിഞ്ഞ ദിവസം വഴുതി വീണാണ് എം.എൽ.എക്ക് കാലിന് പരിക്കേറ്റത്. ജപ്തിഭീഷണി നേരിടുന്ന തന്റെ വീടും അഞ്ചര സെൻറ് സ്ഥലവും വിറ്റശേഷം രണ്ടു സെൻറ് സ്ഥലം മറ്റെവിടെയെങ്കിലും വാങ്ങി അവിടെ ഒരു മാടം വെച്ചുകെട്ടി താമസിക്കുമെന്ന് സി.സി. മുകുന്ദൻ എം.എൽ.എ പറഞ്ഞു. തന്നെ സഹായിക്കാൻ മറ്റാരെങ്കിലും വരുമെന്ന പ്രതീക്ഷയില്ലെന്നും എം.എൽ.എ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.