വീണ്ടും പൊലീസ് ക്രൂരത; ഹോട്ടൽ ഉടമയെയും മകനെയും പീച്ചി എസ്.ഐ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
text_fieldsതൃശൂർ: പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി. ഔസേപ്പിനെയും മകനെയും പീച്ചി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. 2023 മേയ് 24ന് പീച്ചി എസ്.ഐയായിരുന്ന പി.എം. രതീഷിന്റെ നേതൃത്വത്തിലാണ് മർദിച്ചത്. ഔസേപ്പിനെയും മകൻ പോൾ ജോസഫിനെയും സ്റ്റേഷനിൽ എത്തിച്ചാണ് ഉദ്യോഗസ്ഥർ മർദിച്ചതും അപമാനിച്ചതും.
ഒന്നര വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് വിവരാവകാശ നിയമപ്രകാരം ഔസേപ്പിന് സ്റ്റേഷനിൽ നടന്ന മർദനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. വിവരാവകാശ നിയമപ്രകാരം ദൃശ്യങ്ങൾക്ക് അപേക്ഷ നൽകിയെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് തള്ളുകയായിരുന്നു. അതേസമയം, മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടായിട്ടില്ല.
ഹോട്ടലിലെ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. അന്ന് പീച്ചി എസ്.ഐ ആയിരുന്ന പി.എം. രതീഷിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം. മര്‍ദനദൃശ്യത്തിനുവേണ്ടി വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും പൊലീസ് തള്ളുകയായിരുന്നു. ഒടുവില്‍ മനുഷ്യാവകാശ കമീഷന്‍ ഇടപെട്ടതോടെയാണ് ദൃശ്യങ്ങൾ ലഭിച്ചത്. മര്‍ദിച്ച എസ്.ഐയെക്കൂടി പ്രതിചേര്‍ക്കാന്‍ ഔസേപ്പ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് സുജിത്തിനെ പൊലീസുകാർ ക്രൂരമായി മർദിച്ചതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവത്തിൽ എസ്.ഐ ഉൾപ്പെടെ നാലു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. നാലു പൊലീസുകാർക്കെതിരെയും സസ്‌പെൻഷന് ശിപാർശ ചെയ്തുകൊണ്ട് തൃശൂർ ഡി.ഐ.ജി ഉത്തരമേഖല ഐ.ജിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് എസ്.ഐ നൂഹ്മാൻ, സീനിയർ സി.പി.ഒ ശശിധരൻ, സിവിൽ പൊലീസ് ഓഫിസർമാരായ സജീവൻ, സന്ദീപ് എന്നിവരെ സസ്പെൻഡ് ചെയ്തത്. ഡി.ഐ.ജി ഹരി ശങ്കർ നൽകിയ ശുപാർശ പരിഗണിച്ച് നോർത്ത് സോൺ ഐ.ജി രാജ് പാൽ മീണയാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. മർദനം നടന്ന് രണ്ടര വർഷം തികയാറായപ്പോൾ പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടികളിലേക്ക് പൊലീസ് നീങ്ങിയത്.
ഉദ്യോഗസ്ഥരെ ഉടൻ തന്നെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യുകയാണെന്ന് ഐ.ജിയുടെ ഉത്തരവിൽ പറയുന്നു. നാലുപേർക്കുമെതിരെ കോടതി ക്രിമിനൽ കേസ് എടുത്തിട്ടുണ്ട്. ആരോപണ വിധേയനായ മറ്റൊരു പൊലീസുകാരൻ തദ്ദേശവകുപ്പിലാണ് ജോലി ചെയ്യുന്നത്. അതിനാൽ വകുപ്പുതല നടപടി സാധ്യമല്ല. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്ത് ആണ് പൊലീസുകാരുടെ മർദനത്തിനിരയായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.