Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുങ്ങിയ കപ്പൽ ഉയർത്തുന്ന ആശങ്ക; പരിസ്ഥിതി ആഘാതം പരിശോധിക്കാൻ സ്വതന്ത്ര ഏജൻസി

text_fields
bookmark_border
https://www.madhyamam.com/tags/highcourt
cancel

കൊച്ചി: കേരള തീരത്തിന്​ സമീപം അറബിക്കടലിൽ മുങ്ങിയ എം.എസ്.സി എൽസ-3 കപ്പൽ സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതമടക്കം വിലയിരുത്താൻ സ്വതന്ത്ര അണ്ടർവാട്ടർ സർവേ ഏജൻസിയെ നിയോഗിക്കുമെന്ന്​ കേന്ദ്രസർക്കാർ ഹൈകോടതിയിൽ. കപ്പലിലെ കണ്ടെയ്നറുകളിലുള്ള പ്ലാസ്റ്റിക് തരികളും കാൽസ്യം കാർബൈഡും ഉൾപ്പെടെ അപകടകരമായ വസ്തുക്കളുടെ ഭീഷണിയെക്കുറിച്ച് പഠിക്കാൻ രണ്ട് ഏജൻസികളെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്​.

നിയോഗിക്കപ്പെടുന്ന ഏജൻസി സർവേ നടത്തിയാകും സാധ്യതകൾ പരിശോധിക്കുക. ഏജൻസികൾക്കുവേണ്ടി ചെലവാകുന്ന തുക കപ്പൽ കമ്പനിയിൽനിന്ന് ഈടാക്കുമെന്ന് അറിയിച്ച കേന്ദ്രസർക്കാർ, ഇതുമായി ബന്ധപ്പെട്ട വിശദീകരണ പത്രിക സമർപ്പിക്കുമെന്നും വ്യക്​തമാക്കി.

കപ്പലപകടം ബാധിച്ച മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപനടക്കം സമർപ്പിച്ച പൊതുതാൽപര്യ ഹരജികളാണ്​ കോടതിയിലുള്ളത്​. മുങ്ങിക്കിടക്കുന്ന കപ്പലിന്‍റെയും കണ്ടെയ്നറുകളുടെയും അവസ്ഥ മനസ്സിലാക്കാൻ നാവിക സേനയുടെ സഹായം തേടിയിട്ടുണ്ട്.

ജലഗതാഗതത്തിന് തടസ്സമില്ലെങ്കിലും കടലിൽനിന്ന് കപ്പൽ നീക്കണമെന്നാണ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയ നിലപാടെന്നും കേന്ദ്രം നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പരിസ്ഥിതി ആഘാതമടക്കം പഠിക്കാൻ ഏജൻസികളെ നിയോഗിക്കുന്നത് പരിഗണിക്കണമെന്ന്​ കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്വതന്ത്ര ഏജൻസിയെ നിയോഗിക്കാനുള്ള തീരുമാനമറിയിച്ചതോടെ ഇക്കാര്യത്തിൽ എതിർപ്പ് ഉന്നയിക്കാൻ അവസരം നൽകണമെന്ന് കപ്പൽ കമ്പനി ആവശ്യപ്പെട്ടു.

നിയമപ്രകാരം കമ്പനിക്ക്​​ ഇക്കാര്യത്തിൽ ബാധ്യതയുണ്ടെന്ന്​ അഭിപ്രായപ്പെട്ട ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ ഹരജി പിന്നീട്​ പരിഗണിക്കാനായി മാറ്റി.

സംഭവത്തിൽ കേസ് എടുക്കേണ്ടെന്നും നഷ്ടപരിഹാരത്തിന് ഊന്നൽ നൽകണമെന്നുമുള്ള ചീഫ് സെക്രട്ടറിയുടെ കുറിപ്പ് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കേരളതീരത്തു നിന്ന് 12 നോട്ടിക്കൽ മൈൽ അകലെയുണ്ടാകുന്ന സംഭവങ്ങളിൽ മാത്രമേ കേസെടുക്കാൻ അധികാരമുള്ളൂ എന്നായിരുന്നു സർക്കാർ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story