ചെമ്മീൻ, മെത്തൽ ചാകര... വറുതിക്കിടയിൽ തീരത്ത് പ്രത്യാശയുടെ തിരയിളക്കം
text_fieldsനീണ്ട കാലത്തെ വരുതിക്ക് ശേഷം തീരത്തുണ്ടായ ചെമ്മീൻ-മെത്തൽ ചാകര
പരപ്പനങ്ങാടി: ഏറെ കാലത്തെ വറുതിക്കിടയിൽ തീരത്ത് പ്രത്യാശയുടെ തിരനാളം. പ്രതികൂല കാലാവസ്ഥയിൽ ഇളകി മറിഞ്ഞ കടലമ്മ കടലിന്‍റെ മകളുടെ മനം കുളിർപ്പിച്ചു തുടങ്ങി. പരപ്പനങ്ങാടിയിലും തൊട്ടടുത്ത താനുർ ഹാർബറുകളിലുമായി രണ്ടു ദിവസം തുടർച്ചയായി വള്ളങ്ങൾക്ക് ലഭ്യമായ ചെമ്മീൻ, മെത്തൽ ചാകര തീരത്ത് ആഹ്ലാദാരവങ്ങൾ തീർത്തു. കടലോരം ഉണർന്നതോടെ മാർക്കറ്റിലും കച്ചവട ഉണർവ് ദൃശ്യമായി.
ചെമ്മീൻ കയറ്റുമതി മാർക്കറ്റിലേക്കും ആഭ്യന്തര ചില്ലറ വിൽപന മാർക്കറ്റിലേക്കും ഒഴുകി തുടങ്ങി. ബോട്ടുകളുടെ ട്രോളിങ് നിരോധനം വഴി തൊഴിലറ്റുകിടക്കുകയും ഈ കാലയളവിൽ മത്സ്യബന്ധനം അനുവദിക്കപ്പെട്ട ചെറുവള്ളങ്ങളും പരമ്പരാഗത ചുണ്ടൻ വള്ളങ്ങളും പ്രതികൂല കാലാവസ്ഥയെ തുടർന്ന് കടലിലിറങ്ങാനാവാത്ത അവസ്ഥയിലാണ് വള്ളങ്ങൾ ചിലതെങ്കിലും ലക്ഷങ്ങളുടെ മീൻ കോളുമായി തീരമണിഞ്ഞത്.
മെത്തലും ചെമ്മീനുമിറങ്ങിയ വിവരമറിഞ്ഞ് നേരത്തെ ഹാർബറുകളിൽ നങ്കുരമിട്ട വള്ളങ്ങളെല്ലാം കടലിലിറങ്ങി. ചില വള്ളങ്ങൾ കാലിയായ വലകളുമായി നിരാശരായി മടങ്ങിയെങ്കിലും ഒട്ടുമിക്ക വള്ളങ്ങൾക്കും ഇന്ധന ചെലവും കൂലിയും ലഭിച്ചിട്ടുണ്ടെന്നും ഇനിയുള്ള രണ്ടു മാസങ്ങൾ പ്രതീക്ഷയുടെതാണെന്നും പരമ്പരാഗത മത്സ്യതൊഴിലാളി ചെറിയ കെ.പി. അബ്ദുല്ലകുട്ടി 'മാധ്യമ'ത്തോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.