ചാമ്പ്യൻസ് ബോട്ട് ലീഗ് ആവേശമായി
text_fieldsകോഴിക്കോട്: ചാലിയാറിനെ വീറുറ്റ തുഴപ്പാടുകൾ കൊണ്ടളന്ന് മുന്നേറിയ ജലരാജാക്കന്മാർ പകർന്ന വീറുറ്റ പോരിന് സാക്ഷ്യംവഹിച്ച രണ്ടാമത് ചാമ്പ്യൻസ് ബോട്ട് ലീഗ് ചാമ്പ്യൻഷിപ്പിൽ വയൽക്കര വേങ്ങാട് കിരീടം ചൂടി. എ.കെ.ജി പൊടൊത്തുരുത്തിയെ പിന്നിലാക്കിയാണ് വയൽക്കര വേങ്ങാട് ചാമ്പ്യൻസ് ബോട്ട് ലീഗിലെ ജലരാജാവായത്. ന്യൂ ബ്രദേഴ്സ് മയ്യിച്ചക്കാണ് മൂന്നാംസ്ഥാനം.
ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിയുള്ള സി.ബി.എൽ രണ്ടാം സീസണിൽ കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നെത്തിയ 60 അടി നീളമുള്ള ഒമ്പത് ചുരുളൻ വള്ളങ്ങളാണ് മത്സരിച്ചത്.
ന്യൂ ബ്രദേഴ്സ് മയ്യിച്ച, വയൽക്കര മയ്യിച്ച, എ.കെ.ജി മയ്യിച്ച, ശ്രീ വിഷ്ണുമൂർത്തി കുറ്റിവയൽ, റെഡ്സ്റ്റാർ കാര്യംകോട്, എ.കെ.ജി പൊടോത്തുരുത്തി (എ) ടീം, എ.കെ.ജി പൊടോത്തുരുത്തി (ബി) ടീം, കൃഷ്ണപിള്ള കാവുംചിറ, നവോദയ മംഗലശ്ശേരി എന്നീ ടീമുകൾ മാറ്റുരച്ചു. ചാമ്പ്യൻസ് ബോട്ട് ലീഗിന് ചാലിയാർ സ്ഥിരം വേദിയാകുമെന്ന് മത്സരം ഉദ്ഘാടനം ചെയ്ത പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
2024ന്റെ തുടക്കത്തിൽ പാരിസ് പോലെ ഫറോക്ക് പഴയ പാലം ദീപാലംകൃതമാക്കുമെന്നും പൊതുജനങ്ങൾക്ക് സന്ധ്യാസമയം ചെലവഴിക്കാൻ എല്ലാ സൗകര്യങ്ങളുമുള്ള പാലമായി ഫറോക്ക് പാലം മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടൻ ആസിഫ് അലി മുഖ്യാതിഥിയായി. എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, പി.ടി.എ റഹീം, മേയർ ഡോ. ബീന ഫിലിപ്, കെ.ടി.ഐ.എൽ ചെയർമാൻ എസ്.കെ. സജീഷ്, ഒ.ഡി.ഇ.പി.സി ചെയർമാൻ അനിൽ കുമാർ എന്നിവർ വിഷ്ടാതിഥികളായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.