ഒന്നാം സമ്മാനം നൽകാനുള്ള വിധികർത്താവിന്റെ ഇടപെടൽ ഫോണിൽ പകർത്തി; അലങ്കോലമായി കാർഷിക സർവകലാശാല കലോത്സവം
text_fieldsതൃശൂർ: മണ്ണുത്തിയിലെ കാർഷിക സർവകലാശാല കാമ്പസിൽ നടക്കുന്ന കാർഷിക സർവകലാശാലാ കലോത്സവം ‘ഫലഖി’ൽ വിധികർത്താക്കളെ കുറിച്ചുള്ള പരാതിയും ഉപരോധവും പൊലീസ് ഇടപെടലും. വിദ്യാർഥിനിയുടെ കാലിൽ കൂടി വിധികർത്താക്കളെ കൊണ്ടുപോയ കാറിന്റെ ചക്രവും കയറി. പ്രതിഷേധിച്ച വിദ്യാർഥിനികളോട് മോശം ഭാഷയിൽ പൊലീസ് സംസാരിച്ചതായും ആക്ഷേപം ഉയർന്നു.
നവംബർ 22ന് തുടങ്ങിയ കലോത്സവത്തിൽ കഴിഞ്ഞ ദിവസം മുതൽ പ്രതിഷേധം ശക്തമായിരുന്നു. ചൊവ്വാഴ്ച മൈം നടക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. മൈം നടക്കുന്നതിനിടെ പ്രത്യേക ചെസ്റ്റ് നമ്പറിലുള്ള ടീമിന് ഒന്നാം സ്ഥാനം നൽകാൻ ഒരു വിധികർത്താവ് മറ്റ് വിധികർത്താക്കളോട് ആംഗ്യ ഭാഷയിൽ നിർദേശിച്ചത് വിദ്യാർഥികൾ മൊബൈൽ ഫോണിൽ പകർത്തി. ഇത് മത്സരാർഥികൾക്കിടയിൽ പ്രചരിച്ചു. ഇതോടെ പ്രതിഷേധം ശക്തമായി. മത്സരങ്ങളും നിർത്തിവെച്ചു. ഇതോടെ ഈ വിധി കർത്താവിന്റെ മാർക്ക് ഒഴിവാക്കി വിധിനിർണയത്തിന് തീരുമാനിച്ചു. ഇതിലും പ്രതിഷേധമുണ്ടായെങ്കിലും മത്സരങ്ങൾ തുടങ്ങി. ഒപ്പനയിലും വിധിനിർണയത്തിൽ പരാതി ഉയർന്നു.
പാട്ട് തെറ്റിച്ചതും മത്സരാർഥി വീണതുമായ ഒപ്പന ടീമുകൾക്ക് സമ്മാനം നൽകിയെന്നാണ് ആക്ഷേപം. പരാതികൾക്കിടെ ചൊവ്വാഴ്ച ഏറെ വൈകി നാടക മത്സരം ആരംഭിച്ചു. പുലർച്ചയോടെയാണ് അവസാനിച്ചത്. നാടകത്തിന്റെ വിധി നിർണയത്തിലും വിധി കർത്താക്കൾക്കെതിരെ പ്രതിഷേധം ഉയർന്നു. വിദ്യാർഥികൾ വിധികർത്താക്കളെ തടഞ്ഞു. ഇവർ ഉണ്ടായിരുന്ന മുറി ഉപരോധിക്കുകയും ചെയ്തു. നാടകത്തിന്റെ വിധി നിർണയത്തിലെ കാര്യങ്ങൾ വിശദമാക്കിയാലേ വിധികർത്താക്കളെ പോകാൻ അനുവദിക്കൂവെന്ന നിലപാടുമെടുത്തു. ഇതോടെ മണ്ണുത്തി പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി വിദ്യാർഥികളെ മാറ്റുകയും വിധികർത്താക്കളെ സ്വകാര്യ കാറിലേക്ക് കയറ്റുകയും ചെയ്തു. ഈ വാഹനവും വിദ്യാർഥികൾ തടഞ്ഞു. ഇത് വകവെക്കാതെ കാർ മുന്നോട്ടെടുത്തതോടെയാണ് തവനൂരിലെ കേളപ്പജി കോളജിലെ വിദ്യാർഥിനിയുടെ കാലിൽ കാറിന്റെ ചക്രം കയറിയത്. ഇതേതുടർന്ന് കുട്ടികൾ പൊലീസിനെ ചോദ്യം ചെയ്തു.
ഇതോടെ പൊലീസ് ഉദ്യോഗസ്ഥരിലൊരാൾ ‘രാത്രി മുഴുവൻ കറങ്ങിനടന്ന് രാവിലെ പരാതിയുമായി വരുകയാണോ’ എന്ന് മോശം അർഥത്തിൽ സംസാരിച്ചതായും വിദ്യാർഥികൾ പരാതിപ്പെടുന്നു. ബുധനാഴ്ച രാവിലെ പ്രധാന വേദിയിലെ മത്സരങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. അതേസമയം, മൈമിൽ മൂന്ന് വിധികർത്താക്കളുടെ വിധിനിർണയവും ബുധനാഴ്ച രാവിലെ ചേർന്ന സംഘാടക സമിതി റദ്ദാക്കി. പുതിയ വിധികർത്താക്കളെ ഉപയോഗിച്ച് വിധി നിർണയം നടത്താനും തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

