'മോളെ ഇവിടെ ക്യാഷായിട്ട് എത്രയാ ഉള്ളത്, 5300 രൂപ ഉണ്ടോ നോക്കിയേ'; കടയുടമയുടെ സുഹൃത്താണെന്ന് പറഞ്ഞ് എത്തിയയാൾ ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടി
text_fieldsസി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യം
റാന്നി: വനിത ജീവനക്കാരിയെ കബളിപ്പിച്ച് തുണിക്കടയിൽ നിന്നും പണം തട്ടി. റാന്നി മാമുക്കിൽ പ്രവർത്തിക്കുന്ന തുണിക്കടയിൽ നിന്നാണ് 5300 രൂപ തട്ടിയത്. ബുധനാഴ്ച വൈകുന്നേരം 4.30നാണ് കടയുടമയെ അന്വേഷിച്ച് വന്നയാളാണ് സൂത്രത്തിൽ പണം കൈക്കലാക്കിയത്.
കടയുടമ ഇല്ലായെന്ന് പറഞ്ഞതോടെ സുഹൃത്താണെന്ന ഭാവത്തിൽ വന്നയാൾ മുതലാളിയെ വിളിക്കാമെന്ന് ജീവനക്കാരിയോട് പറഞ്ഞ ശേഷം ഫോണിൽ ആരെയോ വിളിക്കുകയും 5300 രൂപ തനിക്ക് വേണ്ടി ഒരാൾ ഇവിടെ എൽപ്പിക്കുമെന്നും തനിക്ക് പോകാൻ ധൃതിയുള്ളത് കൊണ്ട് ഇവിടെയുള്ള പണം തരണമെന്നും ഫോണിൽ കൂടി പറയുന്നുണ്ട്.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ 'മോളെ, ഇവിടെ എത്രയാ ക്യാഷായിട്ടുള്ളതെന്ന്' ചോദിക്കുന്നുണ്ട്. 5000 രൂപയേയുള്ളൂ എന്നു പറഞ്ഞപ്പോൾ 5300 ഉണ്ടോയെന്ന് നോക്കിയേ എന്ന് ഫോൺ ചെവിയിൽ നിന്ന് വെക്കാതെ തന്നെ ചോദിച്ചു. ചില്ലറയുൾപ്പെടെ പറഞ്ഞ തുക ജീവനക്കാരി വന്നയാൾക്ക് എടുത്തു നൽകി. കടയുടമായെയാണ് ഫോണിൽ ബന്ധപ്പെട്ടതെന്ന് തെറ്റിദ്ധരിച്ചാണ് ജീവനക്കാരി പണം നൽകിയത്.
പിന്നീടാണ് നടന്നത് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. കടയിലെ സി.സി.ടി.വിയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. റാന്നി പൊലീസിൽ പരാതി നൽകി. ഇതേ രീതിയിൽ സമാനമായ തട്ടിപ്പ് ഏതാനും മാസങ്ങൾക്ക് മുമ്പ് അങ്ങാടി പേട്ടയിലെ തുണിക്കടയിൽ വനിതാ ജീവനക്കാരിയെ പറ്റിച്ച് ഒരാൾ പണം തട്ടിയിരിന്നു. തട്ടിപ്പ് നടത്തിയത് മല്ലപ്പള്ളിക്കാരനാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.