ചെങ്ങന്നൂരിൽ വോെട്ടടുപ്പ് മേയ് 28 ന്; ഫലം 31 ന്
text_fieldsന്യൂഡൽഹി: കേരളത്തിലെ ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മേയ് 28 ന് നടക്കും. 31നാണ് ഫലപ്രഖ്യാപനം. ഇതോടൊപ്പം മൂന്നു സംസ്ഥാനങ്ങളിലെ നാലു പാർലമെൻറ് മണ്ഡലങ്ങളിലും ഒമ്പതു സംസ്ഥാനങ്ങളിലെ 10 നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു.നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 10 ആണ്. സൂക്ഷ്മപരിശോധന 11ന്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മേയ് 14 ആണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ചെങ്ങന്നൂർ ഉൾപ്പെടുന്ന ആലപ്പുഴ ജില്ലയിൽ ഉൾപ്പെടെ പെരുമാറ്റചട്ടം നിലവിൽ വന്നു. പ്രാദേശിക ഉത്സവങ്ങൾ, വോട്ടർ പട്ടിക, കാലാവസ്ഥ തുടങ്ങിയവ പരിഗണിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതെന്ന് കമീഷൻ അറിയിച്ചു. ചെങ്ങന്നൂർ ഉൾപ്പെടെ എല്ലാ മണ്ഡലങ്ങളിലെയും എല്ലാ പോളിങ് സ്റ്റേഷനുകളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും ഉപയോഗിക്കും. വോട്ട് രേഖപ്പെടുത്തുന്നതിന് വോട്ടർ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് മറ്റ് തിരിച്ചറിയിൽ രേഖകൾ കൂടി കൈവശം വെക്കാൻ അനുമതി നൽകും.
ചെങ്ങന്നൂരിൽ 2016 ൽ സി.പി.എം ടിക്കറ്റിൽ വിജയിച്ച കെ.കെ. രാമചന്ദ്രൻ നായർ ഇൗ വർഷം ജനുവരി 14 ന് മരണമടഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളംഒരുങ്ങിയത്. തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം എടുക്കുന്നതിന് മുേമ്പതന്നെ എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് സജീവമായി കഴിഞ്ഞിരുന്നു. സി.പി.എം ആലപ്പുഴ ജില്ല സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമായ സജി ചെറിയാനാണ് എൽ.ഡി.എഫ് സ്ഥാനാർഥി. കെ.പി.സി.സി അംഗവും അയ്യപ്പസേവാ സംഘം ദേശീയ വൈസ്പ്രസിഡൻറുമായ ഡി. വിജയകുമാറാണ് യു.ഡി.എഫ് സ്ഥാനാർഥി. കഴിഞ്ഞ തവണ മത്സരിച്ച ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള തന്നെയാണ് ബി.ജെ.പി സ്ഥാനാർഥി.
സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കിയ ലോക്കപ്പ് കൊലപാതകങ്ങൾ, പൊലീസ് അതിക്രമങ്ങൾ, ഭരണ പരാജയം, വാഗ്ദാന ലംഘനം എന്നിവയാണ് യു.ഡി.എഫും ബി.ജെ.പിയും എൽ.ഡി.എഫിന് എതിരെ ഉയർത്തുന്നത്. ഇതിനെ മറികടന്ന് വിജയിച്ചില്ലെങ്കിൽ എൽ.ഡി.എഫ് ഭരണത്തിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരായ വിധിയെഴുത്തായി പ്രതിപക്ഷം വിലയിരുത്തും. എന്നാൽ, കെ.എം. മാണിയുടെ കേരള കോൺഗ്രസ് -എം വിട്ടുപോയതോടെ ദുർബലമായ യു.ഡി.എഫിനും തെരഞ്ഞെടുപ്പ് നിർണായകമാണ്. മാണി ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇടതുപക്ഷത്തോട് അനുകൂല നിലപാടാണുള്ളത്.
മുൻ എം.എൽ.എ ശോഭനാ േജാർജ്ജും എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചുവെങ്കിലും ഇൗ രണ്ടു ഘടകങ്ങളും എൽ.ഡി.എഫ് കണക്കു കൂട്ടുന്നതുപോലെ പ്രതികൂലമാവില്ലെന്ന വിശ്വാസത്തിലാണ് യു.ഡി.എഫും കോൺഗ്രസും. എന്നാൽ, ആർ.എസ്.എസിന് വേരോട്ടമുള്ള മണ്ഡലത്തിൽ ബി.ജെ.പി രണ്ടാമത് എത്താതിരിക്കുക എന്നതാണ് എൽ.ഡി.എഫും യു.ഡി.എഫും നേരിടുന്ന മറ്റൊരു വെല്ലുവിളി. എന്നാൽ, ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ പടലപ്പിണക്കവും കഴിഞ്ഞ തവണ പിന്തുണ നൽകിയ ബി.ഡി.ജെ.എസ് കഴിഞ്ഞ തവണത്തെപോലെ ഒപ്പം ഇല്ലെന്നതും തലവേദനയാണ്. മഹാരാഷ്ട്ര, നാഗാലാൻഡ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ലോക്സഭാ മണ്ഡലങ്ങളിലും ബിഹാർ, ഝാർഖണ്ഡ്, മഹാരാഷ്ട്ര, മേഘാലയ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ നിയമസഭാ മണ്ഡലങ്ങളിലുമാണ് ചെങ്ങന്നൂരിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.