പ്രധാനമന്ത്രിയുടെ പ്രതികരണം ആത്മാര്‍ത്ഥതയില്ലാത്തത് : രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: 'അങ്ങ് പാര്‍ട്ടിയുടെ മാത്രം പ്രധാനമന്ത്രിയല്ല' എന്ന് കോടതിക്ക് പ്രധാന മന്ത്രിയെ ഓര്‍മ്മപ്പെടുത്തേണ്ടി വന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് തീരാകളങ്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വര്‍ദ്ധിച്ചു വരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്കും നേരേ കണ്ണടയ്ക്കുന്ന പ്രധാനമന്ത്രിയുടെ സങ്കുചിത രാഷ്ട്രീയത്തെയാണ് ഹരിയാന ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചത്. ഹൈക്കോടതിയുടെ വിമര്‍ശനമുണ്ടായിട്ടും ഒരു ദിവസം കൂടി കഴിഞ്ഞാണ് പ്രധാന മന്ത്രിയില്‍ നിന്ന് പേരിനെങ്കിലും ഒരു പ്രതികരണമുണ്ടായത്.
അതും ആത്മാര്‍ത്ഥതയോടെയാണെന്ന് പറയാനാവില്ല. പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുള്ളതാണിത്. മുന്‍പ് ഗോസംരക്ഷകര്‍ പാവങ്ങളെ തല്ലിക്കൊന്നപ്പോള്‍ പ്രധാന മന്ത്രി ഇതേ പോലെ പ്രതികരിച്ചിരുന്നു. പക്ഷേ എന്നിട്ടും അക്രമങ്ങള്‍ക്ക് കുറവുണ്ടായില്ല. ഹരിയാനയിലെ തെരുവുകളില്‍ 36 ജീവന്‍ പൊലിഞ്ഞ് വീണിട്ടും അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ച പ്രധാനമന്ത്രിക്കേറ്റ കനത്ത പ്രഹരമാണ് കോടതിയുടെ പരാമര്‍ശം. ഗോദ്രയിലെ കലാപത്തില്‍ നിരവധി ജീവന്‍ പൊലിഞ്ഞപ്പോഴും, ഗോരഖ്പൂരില്‍ പ്രാണവായു ലഭിക്കാതെ പിഞ്ച് ജീവനുകള്‍ പിടഞ്ഞപ്പോഴും, ഗുജറാത്തില്‍ ദളിത് യുവാക്കളെ തല്ലിച്ചതച്ചപ്പോഴും, രാജ്യത്തുടനീളം പശുവിന്റെ പേരില്‍ പാവങ്ങളെ തല്ലി കൊന്നപ്പോഴും പ്രധാനമന്ത്രി സ്വീകരിച്ചത് ഇതേ നിലപാടായിരുന്നു.
കോടതി പരാമര്‍ശത്തിന്റെ പൊരുള്‍ മനസിലാക്കി മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകുന്നില്ലെങ്കില്‍ ജനാധിപത്യവും മതേതരത്വവും പ്രാണവായുവായി സ്വീകരിച്ച ഇന്ത്യന്‍ ജനതയ്ക്ക് മുമ്പില്‍ മുട്ട് മടക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.