തോല്‍വി ഉറപ്പായപ്പോള്‍ മോദിക്ക് പാവങ്ങളെ ഓർമവന്നു –രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: തോല്‍വി ഉറപ്പായപ്പോൾ ബി.ജെ.പി സര്‍ക്കാറിെൻറ രക്ഷപ്പെടാനുള്ള അവസാനത്തെ ശ്രമമാണ് പാര്‍ലമെൻറില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ നാലരവര്‍ഷവും രാജ്യത്തിെൻറ സമ്പത്ത് മുഴുവന്‍ കൂട്ടുകച്ചവടക്കാരായ ഏതാനും കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് വീതിച്ചുനല്കിയ മോദിക്ക് തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് കര്‍ഷകരെയും പാവങ്ങളെയും സാധാരണക്കാരെയും ഓര്‍മവന്നത്. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ചില്ലറ ആനുകൂല്യങ്ങള്‍ നല്കി അവരെ കബളിപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്. ആയിരക്കണക്കിന് കര്‍ഷകര്‍ക്കാണ് ആത്മഹത്യ ചെയ്യേണ്ടിവന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ച ചില്ലറ സഹായം അതിന് പരിഹാരമല്ലെന്നും ചെന്നിത്തല പറഞ്ഞു.
എല്ലാവർക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം കേട്ട് വിറളിപിടിച്ച നരേന്ദ്ര മോദി സർക്കാർ അധികാരമൊഴിയാൻ നേരത്ത് ബജറ്റിലൂടെ വാഗ്ദാനപ്പെരുമഴ നടത്തി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
രണ്ടു മാസത്തിനുള്ളിൽ അധികാരമൊഴിയേണ്ട മോദി സർക്കാർ ബജറ്റിലൂടെ നടത്തിയ വാഗ്ദാനങ്ങൾ അധാർമികമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വോട്ട് ഓൺ അക്കൗണ്ട് തേടേണ്ടതിന് പകരം ഫുൾ ബജറ്റ് അവതരിപ്പിച്ച മോദി സർക്കാറിന് ബജറ്റിെൻറ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സമയം പോലുമില്ല. സാധാരണഗതിയിൽ ബന്ധപ്പെട്ടവരോടും വിദഗ്ധരോടും കൂടിയാലോചിച്ച് സാമ്പത്തിക പ്രത്യാഘാതങ്ങൾ സൂക്ഷ്മമായി പഠിച്ചാണ് ബജറ്റ് തയാറാക്കുന്നത്. ഇത്തരമുള്ള നടപടിക്രമങ്ങളൊന്നും പാലിക്കാതെ മോദി സർക്കാർ ബജറ്റ് രാഷ്ട്രീയ ആയുധമാക്കിമാറ്റുകയാണ് ചെയ്തതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.