Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അച്ഛനെ വാഹനമിടിച്ച് കൊന്നവന് ജാമ്യം, കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജഡ്ജിയുടെ മകനുമാണ്'; സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച് ജയബാലകൃഷ്ണന്റെ കുടുംബം

text_fields
bookmark_border
മകൾ കുഴഞ്ഞുവീണു
അച്ഛനെ വാഹനമിടിച്ച് കൊന്നവന് ജാമ്യം, കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജഡ്ജിയുടെ മകനുമാണ്; സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
cancel

കൊച്ചി: ചേരാനെല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ച സംഭവത്തിൽ പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകിയതിൽ പ്രതിഷേധം കത്തുന്നു. മൃതദേഹം വിട്ടുകിട്ടുന്നതിനു മുമ്പ്തന്നെ പ്രതിക്ക് ജാമ്യം അനുവദിച്ച പൊലീസ് നടപടിക്കെതിരെ ജയബാലകൃഷ്ണന്റെ മക്കൾ സ്റ്റേഷനു മുന്നിൽ പ്രതിഷേധിക്കുകയാണ്. ഇതിനിടെ ജയബാലകൃഷ്ണന്റെ മകൾ കുഴഞ്ഞുവീണു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് ജഡ്ജിയുടെ മകനാണ് കാറോടിച്ച പതിനേഴുകാരൻ. പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുക്കണമെന്നും മൈനറാണെങ്കിൽ ഉത്തരവാദിയായ പിതാവിനെതിരെ നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

"ഞങ്ങളുടെ അച്ഛനെ വാഹനമിടിച്ച് കൊന്നവന്, അച്ഛന്റെ മൃതദേഹം കിട്ടുന്നതിനു മുൻപ് സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു. കാരണം ഞങ്ങളുടെ അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജഡ്ജിയുടെ മകനുമാണ്. നിയമം ഇവിടെ രണ്ടു രീതിയിലാണോ? ഇത്രയും നേരം പൊലീസ് സ്റ്റേഷനു മുന്നിൽ ഇരുന്നിട്ടും പൊലീസുകാർ ഒരക്ഷരം മിണ്ടുന്നില്ല.

ഒരിക്കൽ അച്ഛനൊപ്പം ഒരു പരാതി നൽകാൻ ഈ സ്റ്റേഷനിൽ വന്നിട്ടുണ്ട്. അന്ന് എന്റെ അച്ഛനെ തെറി വിളിച്ചവരാണ് ഈ പൊലീസ് സ്റ്റേഷനിലുള്ളത്. ഇന്ന് അവർക്ക് മറുപടിയില്ല. 'നീ എന്നെ നിയമം പഠിപ്പിക്കരുത്' എന്നാണ് പ്രതിയുടെ അച്ഛനായ ജഡ്ജി പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങളും ഫോട്ടോകളും പകർത്താൻ ശ്രമിച്ച ബന്ധുക്കളുടെ ഫോൺ വാങ്ങി ചിത്രങ്ങൾ പൊലീസിനെക്കൊണ്ട് ഡിലീറ്റ് ചെയ്യിപ്പിച്ചു. നീതി കിട്ടാൻ ഏതറ്റം വരെയും പോകും." മകൾ പറഞ്ഞു.

അപകടത്തിന് പിന്നാലെ പതിനേഴുകാരന് എളുപ്പത്തിൽ ജാമ്യം നൽകിയതിൽ വ്യാപക പ്രതിഷേധമുയർന്നതോടെ ആഭ്യന്തര മന്ത്രി വിഷയത്തിൽ ഇടപെട്ടു. ഡിജിപിയെയും കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെയും വിളിച്ച് അതൃപ്തി അറിയിച്ചതിനെ തുടർന്ന് പ്രതിക്കെതിരെ കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്തി. തുടക്കത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 281, 106 (1) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നതെങ്കിൽ, നിലവിൽ നരഹത്യാക്കുറ്റം കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. ലൈസൻസില്ലാതെ വാഹനമോടിച്ചതിനാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cheranalloor Accident: Victim's Family Protests Outside Police Station After Judge's Minor Son Gets Station Bail
Next Story