ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയെ ഇന്നും ചോദ്യം ചെയ്യും; മുൻകൂർ ജാമ്യം തേടി ഹൈകോടതിയിൽ
text_fieldsകൊച്ചി: ചേരാനല്ലൂരില്‍ 17കാരന്‍ ഓടിച്ച കാറിടിച്ച് തട്ടുകടയുടമ മരിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവായ അഡീഷനൽ സെഷൻസ് ജഡ്ജിയെ വ്യാഴാഴ്ചയും ചോദ്യം ചെയ്യും. ബുധനാഴ്ച കൊച്ചി ഹൈകോടതിക്കടുത്തുള്ള പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി ജില്ല ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.
വ്യാഴാഴ്ച രാവിലെ 11 മണിയോടെ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ അഡീഷണൽ ജഡ്ജി മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ഹരജി ഇന്ന് പരിഗണിച്ചേക്കും. താനറിയാതെയാണ് മകൻ കാറുമായി പുറത്തു പോയതെന്ന മുൻനിലപാട് ക്രൈംബ്രാഞ്ചിനുമുന്നിലും ജഡ്ജി ആവർത്തിച്ചു. ചേരാനല്ലൂ പൊലീസിനോടും ഇതുതന്നെയാണ് പറഞ്ഞത്. അന്ന് മൊഴിയായി രേഖപ്പെടുത്തിയിരുന്നില്ല. യൂട്യൂബ് നോക്കിയാണ് കാർ ഓടിക്കാൻ പഠിച്ചതെന്നാണ് പതിനേഴുകാരൻ പൊലീസിന് മൊഴി നൽകിയത്. എന്നാൽ, പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല.
കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് അന്വേഷണം ഔദ്യോഗിക നടപടിക്രമങ്ങളിലേക്ക് കടന്നത്. അതേസമയം, അഡീഷനൽ സെഷൻസ് ജഡ്ജിയെ സസ്‌പെൻഡ് ചെയ്യേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യത്തിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം ഹൈകോടതി തീരുമാനമെടുക്കും. ചീഫ് ജസ്റ്റിസ് സൗമെൻ സെന്നിന്റെ അധ്യക്ഷതയിൽ ചേർന്ന അഞ്ചംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. ഹൈകോടതിയുടെ അനുമതിയോടെയാണ് ജഡ്ജിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള അനുമതിയും പൊലീസ് തേടിയിട്ടുണ്ട്. കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ആർ.സി ഓണറായ പിതാവിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസ് എടുത്തിരുന്നു.
17കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. റീൽസ് ചിത്രീകരണത്തിനായി പ്രതി മുൻപും അതിവേഗത്തിൽ വാഹനമോടിച്ചിട്ടുണ്ടെന്നും അപകടസമയത്ത് വാഹനം 104 കി.മീ. വേഗത്തിലായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. പ്രതിയെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതിനാൽ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. വെള്ളിയാഴ്ച വാദംകേൾക്കാനായി ഹരജി മാറ്റി. മജിസ്‌ട്രേറ്റ് പദവിയുള്ള, സ്ത്രീകളുടെയും കുട്ടികളുടെയും കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി സമുച്ചയത്തിലെ ജുവനൈൽ കോടതിയിലാണ് വാദം കേട്ടത്.
ജയബാലകൃഷ്ണന്റെ കുടുംബവും ജാമ്യത്തെ എതിർത്ത് കക്ഷി ചേർന്നിട്ടുണ്ട്. പ്രായപൂർത്തിയാവാത്തയാൾ കാറോടിച്ചതിൽ ഏഴുദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് കാറുടമയായ ജഡ്ജിക്ക് മോട്ടോർ വാഹനവകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ വാഹനരജിസ്ട്രേഷൻ സസ്‌പെൻഡ്‌ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാവും.

