മയക്കുമരുന്ന് മാഫിയ കുഞ്ഞുങ്ങളെ ലക്ഷ്യമിടുന്നതിൽ ഉത്കണ്ഠ -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മയക്കുമരുന്ന് മാഫിയ കുഞ്ഞുങ്ങളെ ലക്ഷ്യമിടുന്നത് ഉത്കണ്ഠാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ മാധ്യമ മേധാവികളും എഡിറ്റർമാരുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ഇവർ പ്രധാനമായി ലക്ഷ്യമിടുന്നത്. സ്കൂളുകളിൽ മയക്കുമരുന്ന് എത്തിക്കാൻ വലിയ ശൃംഖല പലയിടത്തുമുണ്ട്. ലഹരി ഉൽപന്നങ്ങൾ പിടികൂടുന്ന കേസുകളിൽ ചിലപ്പോൾ കുട്ടികളും പെട്ടുപോകും. അവരുടെ സ്വകാര്യതയും അവകാശങ്ങളും സംരക്ഷിച്ച് വാർത്ത നൽകാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലഹരിക്ക് അടിപ്പെട്ടവരെ അതിൽനിന്ന് മോചിപ്പിച്ച് ആത്മാഭിമാനമുള്ള തുടർജീവിതം നയിക്കാൻ പ്രേരിപ്പിക്കലാകണം ലക്ഷ്യം. ലഹരിക്കടത്തുകാരോടും വിൽപനക്കാരോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ പൊലീസിനും എക്സൈസിനും നിർദേശം നൽകിയിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ വിശദാംശം ഉൾപ്പെടുത്തി ഡാറ്റാ ബാങ്ക് തയാറാക്കും. പിടിക്കപ്പെടുന്നവരുടെ പൂർവകാല ചെയ്തികൾ കോടതിയിൽ റിപ്പോർട്ട് ചെയ്ത് പരമാവധി ശിക്ഷ ഉറപ്പാക്കും.
ഇത്തരം കേസുമായി ബന്ധപ്പെട്ട നിയമങ്ങളിൽ കാപക്ക് തുല്യമായ വകുപ്പുകളുണ്ട്. കരുതൽ തടങ്കൽ ഉൾപ്പെടെ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
സ്കൂളുകളിൽ എസ്.പി.സി, എൻ.സി.സി, എൻ.എസ്.എസ് എന്നിവ ഫലപ്രദമായി വിനിയോഗിക്കും. സർക്കാർ സംവിധാനങ്ങൾക്കൊപ്പം മയക്കുമരുന്നിനെതിരായ പ്രവർത്തനങ്ങളിൽ ഏകോപിത പ്രവർത്തനം ഉണ്ടാകണം. മാധ്യമങ്ങൾക്ക് ഇതിൽ സുപ്രധാന പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒക്ടോബറിൽ ഊർജിത കാമ്പയിൻ
തിരുവനന്തപുരം: ലഹരിക്കെതിരെ ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച് നവംബർ ഒന്നുവരെ സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തത് ഊർജിത കാമ്പയിൻ. ഒക്ടോബർ രണ്ടിന് എല്ലാ വിദ്യാലയങ്ങളിലും പി.ടി.എ യോഗം ചേരും. വിവിധയിടങ്ങളിൽ ജനജാഗ്രത സദസ്സ് നടക്കും.
പൂജ അവധിക്കുശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തിൽ വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ സംവാദം സംഘടിപ്പിക്കും. ഒക്ടോബർ ആറ്, ഏഴ് തീയതികളിൽ രക്ഷാകർത്താക്കൾക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. ഒക്ടോബർ എട്ട് മുതൽ 12 വരെ ലൈബ്രറി, റെസിഡന്റ്സ് അസോസിയേഷൻ, കുടുംബശ്രീ, ഹോസ്റ്റൽ, ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സംവാദം, വിവിധ പരിപാടികൾ, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടക്കും. പ്രശസ്ത വ്യക്തികളുടെ സാന്നിധ്യം ഉറപ്പാക്കും. ഒമ്പതിന് കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കും.
14ന് ബസ് സ്റ്റാൻഡ്, പ്രധാന ടൗണുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ സദസ്സ് വ്യാപാരി വ്യവസായികളുടെ നേതൃത്വത്തിലുണ്ടാകും. 16 മുതൽ 24 വരെ തീരദേശ സംഘടനകൾ, തീരദേശ പൊലീസ് എന്നിവരുമായി ആലോചിച്ച് തീരമേഖലയിൽ പരിപാടി സംഘടിപ്പിക്കും. എല്ലാ തദ്ദേശവാർഡുകളിലും 16ന് വൈകീട്ട് നാലുമുതൽ ഏഴുവരെ ജനജാഗ്രത സദസ്സ് നടത്തും. 24ന് വൈകീട്ട് ആറിന് ലഹരിക്കെതിരെ വീടുകളിൽ ദീപം തെളിയിക്കും. ഒക്ടോബർ 30, 31 തീയതികളിൽ സംസ്ഥാനത്താകെ വിളംബര ജാഥ നടത്തും. നവംബർ ഒന്നിന് വൈകീട്ട് മൂന്നിന് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ശൃംഖല തീർക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.