'ആർ.എസ്.എസുകാരൻ സംഘടിപ്പിക്കുന്ന പരിപാടിയായി അത് മാറി, നമ്മുടെ ഗവർണർ അങ്ങനെയായി പോകരുതായിരുന്നു'; രാജ്ഭവനിലെ പ്രഭാഷണത്തെ വിമർശിച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ആർ.എസ്.എസ് സൈദ്ധാന്തികൻ ഗുരുമൂർത്തിയെ ക്ഷണിച്ച് രാജ്ഭവനിൽ പ്രഭാഷണം നടത്തിയതിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുമൂർത്തിയുടെ പ്രഭാഷണം അസ്വാഭാവിക നടപടിയാണെന്ന് വാർത്ത സമ്മേളനത്തിലെ ചോദ്യത്തിന് മുഖ്യമന്ത്രി പറഞ്ഞു.
ആർ.എസ്.എസുകാരൻ സംഘടിപ്പിക്കുന്ന പരിപാടിയായി അത് മാറി. നമ്മുടെ ഗവർണർ അങ്ങനെയായി പോകരുതായിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഓപറേഷൻ സിന്ദൂറിനെ കുറിച്ചെന്ന പേരിലാണ് ഗുരുമൂർത്തി രാജ്ഭവനിൽ പ്രഭാഷണം നടത്തിയത്. ഗവർണർ രാജേന്ദ്ര ആർലേക്കർ അധ്യക്ഷനായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
അതേസമയം, കരുവന്നൂർ ബാങ്ക് കേസിൽ പ്രതികളാക്കി നേതാക്കളെ കളങ്കപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കളങ്കരഹിതമായവരാണല്ലോ അവരെല്ലാം. നേതാക്കളെ പ്രതി ചേർത്തതിൽ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇ.ഡിയുടെ വിശ്വാസ്യത കുറഞ്ഞുവരികയാണ്. കോടതിയിൽനിന്നടക്കം വലിയ വിമർശനമാണ് അവർ നേരിടുന്നത്. നിയമവിധേയമല്ലാത്ത അനവധി നടപടികളാണ് സ്വീകരിക്കുന്നത്. ഇവിടെയും അങ്ങനെയാണ് സംഭവിച്ചത്. നിയമപരമായി നേരിടേണ്ട കാര്യങ്ങളാണ് ഇവയെല്ലാമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വന്യജീവി ആക്രമണ വിഷയത്തിൽ ശാശ്വത പരിഹാരമാണ് സർക്കാർ തേടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടകാരികളായ മൃഗങ്ങളെ കൊല്ലാൻ കേന്ദ്ര സർക്കാറിന്റെ അനുമതി തേടും. ഈ വിഷയത്തിൽ നിയമ നിർമാണത്തിനുള്ള സാധ്യതയും തേടും. സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. അത് വസ്തുത പരിശോധിക്കാതെയുള്ള വിമർശനമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.