നിയന്ത്രണങ്ങള്‍ കർശനമാക്കിയിട്ടും കോവിഡ് കുറയാത്തതിൽ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി
text_fieldsതിരുവനന്തപുരം: നിയന്ത്രണങ്ങള്‍ കർശനമാക്കിയിട്ടും കോവിഡ് നിരക്ക് കുറയാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി. കോവിഡ് അവലോകനയോഗത്തിലാണ് വിദഗ്ധസമിതി നിര്‍ദേശങ്ങളില്‍ മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചത്. പല നിയന്ത്രണങ്ങളും ശാസ്ത്രീയമല്ല. ഇത്തരത്തില്‍ മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ബദൽ മാർഗങ്ങൾ സംബന്ധിച്ച് ബുധനാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധസമിതിക്കും ചീഫ് സെക്രട്ടറിക്കും നിർദേശം നല്കി.
ടി.പി.ആർ അടിസ്ഥാനത്തില്‍ നൽകുന്ന ഇളവുകള്‍ സംബന്ധിച്ചും സമിതി വിലയിരുത്തണം. ഇപ്പോഴത്തെ അടച്ചിടലില്‍ ജനം അതൃപ്തരാണ്. പ്രതിപക്ഷവും എതിര്‍പ്പുയര്‍ത്തുന്ന സാഹചര്യത്തില്‍ നിയന്ത്രണം എല്ലാക്കാലത്തും തുടരാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഓണക്കാലത്ത് രോഗം വർധിക്കുന്ന സാഹചര്യമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം.
രോഗികള്‍ അധികമുള്ള പ്രദേശങ്ങള്‍ പ്രത്യേക ക്ലസ്റ്ററുകളായിത്തിരിച്ച് നിയന്ത്രണം ശക്തിപ്പെടുത്താനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗം തീരുമാനിച്ചു. മൈക്രോ കണ്ടെയ്ൻമെൻറ് മേഖലകളായി തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.