ഹസ്തദാനം, ഷാളണിയിക്കൽ, ചായസത്കാരം, അടച്ചിട്ട മുറിയിൽ ഒരു മണിക്കൂർ ചർച്ച; മഞ്ഞുരുകിയോ..?
text_fieldsരാജ്ഭവനിൽ കൂടിക്കാഴ്ചക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഗവർണർ രാജേന്ദ്ര ആർലേക്കർ സ്വീകരിക്കുന്നു
തിരുവനന്തപുരം: കേരള സർവകലാശാലയിലെ പൊട്ടിത്തെറികൾ തെരുവിലേക്കും ഭരണസ്തംഭനത്തിലേക്കും നീങ്ങുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര ആർലേക്കറും കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നോടെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി അടച്ചിട്ട മുറിയിൽ ഒരു മണിക്കൂറോളം ഗവർണറുമായി ചർച്ച നടത്തിയെന്ന് രാജ്ഭവൻ വൃത്തങ്ങൾ വ്യക്തമാക്കി.
മുഖ്യമന്ത്രിയെ ഹസ്തദാനം ചെയ്താണ് ഗവർണർ സ്വീകരിച്ചത്. പിന്നാലെ ഷാളണിയിച്ചു. ഗവർണറുടെ വക ചായസത്കാരവും ഒരുക്കിയിരുന്നു. ചർച്ച സൗഹാർദപരമായിരുന്നുവെന്ന് രാജ്ഭവൻ വ്യക്തമാക്കുമ്പോഴും പ്രശ്നങ്ങൾക്ക് പരിഹാരമായോ എന്ന കാര്യത്തിൽ ഇരുകൂട്ടരും വിശദീകരണത്തിന് തയാറായിട്ടില്ല. ഭാരതാംബ വിവാദത്തിനുശേഷം ഗവർണറും മുഖ്യമന്ത്രിയും ആദ്യമായാണ് നേരിൽ കാണുന്നത്.
കേരള സർവകലാശാലയിലെ പ്രതിസന്ധി മുഖ്യമന്ത്രി ഗവർണറുടെ ശ്രദ്ധയിൽപെടുത്തിയെന്നാണ് വിവരം. സർക്കാർ അയഞ്ഞിട്ടും രജിസ്ട്രാറുടെ സസ്പെൻഷൻ കാര്യത്തിലും സിൻഡിക്കേറ്റ് വിളിക്കുന്നതിലും വൈസ് ചാൻസലർ കടുംപിടിത്തം തുടരുന്നത് സർക്കാറിന് തലവേദനയായിട്ടുണ്ട്. ഇക്കാര്യത്തിൽ ഗവർണറുടെ ഇടപെടൽ തേടിയെന്നാണ് സൂചന.

സംസ്ഥാനത്തെ 14 സർവകലാശാലകളിൽ 13 ലും ഇൻചാർജ് വി.സിമാരാണ്. ഇവിടങ്ങളിൽ സ്ഥിരം വി.സിമാരെ നിയമിക്കണമെന്ന താൽപര്യം സർക്കാറിനുണ്ട്. ഇക്കാര്യം ചർച്ചയിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വി.സി നിയമനത്തിൽ സർക്കാറിനെ കൂടി കേൾക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിയമസഭ പാസാക്കി രാജ്ഭവനിലേക്കയച്ച സർവകലാശാല ദേഭഗതി ബിൽ, സ്വകാര്യ സർവകലശാല ബിൽ എന്നിവയുടെ കാര്യവും ചർച്ചയിൽ ഓർമപ്പെടുത്തിയെന്നാണ് സൂചന.
കേരള സർവകലാശാലയിലെ അനിശ്ചിതത്വം, ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ വി.സി നിയമനം, നിയമസഭ പാസാക്കിയ ബില്ലുകളിലെ തുടർനടപടി എന്നിങ്ങനെ നിരവധി അജണ്ടകൾ സർക്കാറിന് മുന്നിലുണ്ട്. ഡിജിറ്റൽ-സാങ്കേതിക സർവകലാശാല വിഷയത്തിൽ രാജ്ഭവന് കോടതിയിൽനിന്ന് തിരിച്ചടി നേരിട്ടിരുന്നു. രണ്ടിടത്തെയും സ്ഥിരം വി.സി നിയമനകാര്യത്തിൽ സർക്കാറും ഗവർണറും മുൻകൈയെടുക്കണമെന്ന നിർദേശം കോടതി മുന്നോട്ടുവെച്ചിരുന്നു. ഇത് കൂടിയാണ് മുഖ്യമന്ത്രി-ഗവർണർ കൂടിക്കാഴ്ചക്ക് പശ്ചാത്തലമായത്. താൽക്കാലിക വി.സി നിയമനത്തിന് സർക്കാർ നൽകിയ പാനൽ ഗവർണറുടെ തീരുമാനം കാത്തിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.