Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലേഷ്യയുമായുള്ള സഹകരണം ശക്തമാക്കും; മുഖ്യമന്ത്രി മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
മലേഷ്യയുമായുള്ള സഹകരണം ശക്തമാക്കും; മുഖ്യമന്ത്രി മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
cancel
camera_alt

കേരള സന്ദർശനത്തിനെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉപഹാരം നൽകുന്നു


മലപ്പുറം: ഐ.ടി, ടൂറിസം, വിദ്യാഭ്യാസം, വ്യാപാരം എന്നീ മേഖലകളിൽ കേരളത്തിന്റെ മലേഷ്യയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ തീരുമാനം. മലപ്പുറം ചേലേമ്പ്ര ‘തുല’ വെൽനെസ് സെന്ററിൽവെച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ക്രിയാത്മക ചർച്ചകൾ നടന്നത്.

മലേഷ്യയുമായുള്ള സംസ്ഥാനത്തിന്റെ ചരിത്രപരമായ സൗഹൃദവും അവിടെയുള്ള പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തവുമാണ് ഈ മികച്ച ബന്ധത്തിന്റെ അടിത്തറയെന്ന് കൂടിക്കാഴ്ചയിൽ വിലയിരുത്തി. ഇതിന്റെ തുടർച്ചയായാണ് പുതിയ വികസന പങ്കാളിത്തം വിപുലപ്പെടുത്താൻ തീരുമാനിച്ചത്. വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ എന്നിവരുമായും മലേഷ്യൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

രണ്ട് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം തിരിച്ചുപോയി. തിങ്കളാഴ്ച വൈകീട്ട് 7.15ന് മലേഷ്യൻ എയർലൈൻസ് വിമാനത്തിൽ മാലിദ്വീപ് സന്ദർശനത്തിനായാണ് അദ്ദേഹം യാത്ര തിരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ മലപ്പുറം ജില്ല കലക്ടർ ഡോ. വിനോയ് ഗോയലിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫിസർ അരവിന്ദ് പിള്ള, വിദേശകാര്യമന്ത്രാലയ പ്രതിനിധി വിജയകുമാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

കേരളത്തിലേക്ക് ലോകത്തെ ക്ഷണിച്ച് മുഖ്യമന്ത്രി

തുറമുഖം, വിനോദസഞ്ചാരം, ആരോഗ്യം, ഐ.ടി മേഖലകളുടെ വികസനത്തിലൂടെ കേരളത്തെ മികച്ച നിക്ഷേപകേന്ദ്രമാക്കി മാറ്റുകയാണ് സർക്കാറിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളം സന്ദർശിക്കാനെത്തിയ വിവിധ രാജ്യങ്ങളിൽനിന്നുള്ള 35 വ്ലോഗർമാരുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദൈവത്തിന്റെ സ്വന്തം നാടിന്റെ ഹരിതാഭയും കാലാവസ്ഥയും വിനോദസഞ്ചാര-നിക്ഷേപസാധ്യതകളും ലോകത്തിന് മുന്നിലെത്തിക്കുന്നതിൽ വ്ലോഗർമാർക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, കണ്ടെയ്നർ ടെർമിനൽ, 18 ചെറുകിട തുറമുഖങ്ങൾ എന്നിവയെ സംയോജിപ്പിച്ച് കേരളത്തെ ‘പോർട്ട് സിറ്റി’യാക്കി മാറ്റും. അടുത്തടുത്ത് സ്ഥിതിചെയ്യുന്ന നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഏവിയേഷൻ ഹബ്ബ് വികസിപ്പിക്കാനും തലസ്ഥാനത്തെയും കൊച്ചിയിലെയും ഐ.ടി കേന്ദ്രങ്ങൾക്ക് പുറമെ വടക്കൻ കേരളത്തിലേക്കും ഐ.ടി വ്യവസായം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി എൻജിനീയർമാരും ഡോക്ടർമാരും ഉൾപ്പെടെയുള്ള യുവതലമുറയാണ് കേരളത്തിന്റെ ഏറ്റവും വലിയ കരുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടിക്കണക്കിന് ഫോളോവേഴ്സുള്ള വ്ലോഗർമാർ കേരളത്തിന്റെ വിനോദസഞ്ചാര, ആരോഗ്യ, നിക്ഷേപ സാധ്യതകൾ ലോകത്തിന് പരിചയപ്പെടുത്തണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒരു മണിക്കൂറോളം വ്ലോഗർമാരുമായി ചെലവഴിച്ച അദ്ദേഹം, സുഗന്ധവ്യഞ്ജനങ്ങൾ അടങ്ങിയ ഉപഹാരം സമ്മാനിച്ചു.

മുഖ്യമന്ത്രിക്കൊപ്പം റീലുകൾ ചിത്രീകരിച്ചാണ് വ്ലോഗർമാർ മടങ്ങിയത്. ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ഇവർ ഇന്ത്യയിലെത്തിയത്. അടുത്ത ദിവസങ്ങളിൽ കേരളത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chief Minister met the Prime Minister of Malaysia
Next Story