ഒാഖി: ചില്ലിക്കാശും വകമാറ്റിയിട്ടില്ല, ചെന്നിത്തലക്ക് മറുപടിയുമായി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഓഖി ഫണ്ട് വിനിയോഗത്തിൽ സർക്കാറിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയെൻറ മറുപടി. ചില്ലിക്കാശ് പോലും സർക്കാർ മറ്റ് കാര്യങ്ങൾക്ക് വേണ്ടി ചെലവിട്ടിട്ടില്ലെന്നും ചെലവിടില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ചെറിയ കുഞ്ഞുങ്ങൾ വരെ വന്ന് സമ്പാദ്യക്കുടുക്ക നൽകുന്ന ഘട്ടത്തിൽ അയ്യോ ഇത് കൊടുത്തേക്കല്ലേ എന്ന് വർത്തമാനം പറയാൻ പാടുണ്ടോയെന്ന് ചോദിച്ചു. ഇനിയെങ്കിലും പ്രതിപക്ഷനേതാവിനെ പോലെയുള്ളവർ ഇത് ആലോചിക്കണമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഓഖി ദുരന്തത്തെത്തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 107 കോടി രൂപയാണ് ലഭിച്ചത്. ഇതിനകം ഉത്തരവായിട്ടുള്ളതും ചെലവഴിച്ചിട്ടുള്ളതുമായ തുക 65.68 കോടി രൂപയാണ്. പുറമെ ഇപ്പോൾ നടപടി സ്വീകരിച്ചുവരുന്നതും ഉത്തരവ് പുറപ്പെടുവിക്കാനുമായിട്ടുള്ള കാര്യങ്ങൾക്ക് 84.90 കോടി ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. എസ്.ഡി.ആർ.എഫിൽ ഓഖി ഘട്ടത്തിൽ ലഭിച്ചത് 111 കോടി രൂപയാണ്. സി.എം.ഡി.ആർ.എഫും എസ്.ഡി.ആർ.എഫും ചേർന്ന് 218 കോടി രൂപ ലഭിച്ചതിൽ ഉത്തരവായതും ചെലവഴിച്ചതുമായ തുക 116.79 കോടി രൂപയാണ്. 84.90 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. ഇത് രണ്ടും ചേർന്നാൽ 201.69 കോടി രൂപ ഓഖി ഇനത്തിൽ ചെലവ് വരും. ഓഖിക്ക് വേണ്ടി കേന്ദ്രം നൽകിയതോ, സി.എം.ഡി.ആർ.എഫിൽ ജനങ്ങളിൽനിന്ന് ലഭിച്ചതോ ആയ ഒരു ചില്ലിക്കാശും സർക്കാർ മറ്റ് കാര്യങ്ങൾക്കുവേണ്ടി ചെലവഴിച്ചിട്ടില്ല. മത്സ്യത്തൊഴിലാളി മേഖലയിൽ ഇനിയും ചില പദ്ധതികൾ നടപ്പാക്കാൻ സർക്കാർ ഉദ്ദേശിക്കുകയാണ്. അതുകൂടി കണക്കിലെടുത്താൽ ലഭിച്ചതിനേക്കാൾ കൂടുതൽ തുകയാണ് വേണ്ടിവരുന്നത്. ആ പണം ഒരു തരത്തിലും ദുർവ്യയം ചെയ്യപ്പെടുകയില്ല.
പ്രതിപക്ഷനേതാവിന് എന്താണ് പറ്റുന്നതെന്നതിൽ വിഷമമുണ്ട്. നല്ല നിലപാടായിരുന്നു അദ്ദേഹം നേരത്തേ സ്വീകരിച്ചിരുന്നത്. ഇപ്പോൾ വിമർശനം ഉണ്ടായില്ലെങ്കിൽ പ്രതിപക്ഷം ആകില്ലെന്ന് ആരോ ഉപദേശിച്ച മട്ടുണ്ട്. വിമർശിക്കാൻ വേണ്ടിയാണ് ഇപ്പോൾ വിമർശനം. നാടാകെ പ്രളയ ദുരന്തം നേരിടാൻ വലിയതോതിൽ സംഭാവന നൽകാൻ തയാറാകുന്ന ഘട്ടത്തിൽ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചുകൊണ്ടാണോ വേരണ്ടത്. അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണോയെന്ന് ചോദിച്ചപ്പോൾ പൊതുജീവിതത്തിൽ പ്രവർത്തിക്കുന്നവരുടെ അടുക്കൽ പലരും വരുമെന്നും നമുക്ക് സ്വന്തമായി ഒരു നിലപാട് വേണ്ടേയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പ്രത്യേക ഫണ്ട് വേണമെന്ന ആവശ്യത്തിൽ അതൊക്കെ സാധാരണ ചെയ്യുന്നല്ലേ എന്നായിരുന്നു മറുപടി. ഇതിനകത്ത് ഏതെങ്കിലും തരത്തിൽ തെറ്റായി പണം ചെലവിട്ടുവെന്ന് ഉദാഹരണം ഇൗ സർക്കാറിനെ കുറിച്ച് എപ്പോഴെങ്കിലും പറയാനാകുമോ. പഴയ അനുഭവമാണെങ്കിൽ പറയാൻ കാണും. ഇതിൽ ഒരാശങ്കയും വേെണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.