ഗവർണറുടെ ഇടപെടലുകൾക്ക് എതിരെ കൂട്ടായ്മ; മുഖ്യമന്ത്രി പങ്കെടുക്കും
text_fieldsതിരുവനന്തപുരം: ഗവർണറുടെ ഇടപെടലുകൾക്കെതിരെ ബുധനാഴ്ച തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. വിവിധ മേഖലകളിലെ വിദഗ്ധർ പങ്കെടുക്കുന്ന കൂട്ടായ്മ ഒരുക്കുന്നത് ഇടതുമുന്നണിയാണ്. രാഷ്ട്രീയ പരിപാടി അല്ലാത്തതിനാലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നതെന്നാണ് വിശദീകരണം. എന്നാൽ, രാജ്ഭവന് മുന്നിൽ നവംബർ 15ന് ഇടതുമുന്നണി നടത്തുന്ന സമരത്തിൽ മുഖ്യമന്ത്രി പങ്കെടുക്കാനിടയില്ല.
സർക്കാറിനെതിരായ ഗവർണറുടെ നീക്കം തുറന്നുകാട്ടാനാകും കൺവെൻഷനിൽ ശ്രമമുണ്ടാകുക. കേരളത്തിന്റെ മുന്നേറ്റം തടയുന്ന നീക്കങ്ങൾ ചെറുക്കുന്നതിനും ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനും നടക്കുന്ന കൂട്ടായ്മ വിജയിപ്പിക്കണമെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ അഭ്യർഥിച്ചു. കേരളത്തെ വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്ക് നയിക്കാനാണ് സർക്കാർ ശ്രമം. ഈ ഘട്ടത്തിലാണ് ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്ന് പ്രഖ്യാപിച്ച് ചാൻസലർ ഈ രംഗത്തെ പുരോഗതി തടസ്സപ്പെടുത്താൻ ഇടപെടുന്നത്.
കേരളത്തിന്റെ വികസന പദ്ധതികളെയെല്ലാം തടസ്സപ്പെടുത്തുന്ന കേന്ദ്ര നടപടികളുടെ തുടർച്ചയായാണ് ഇത്തരം ഇടപെടലിനെയും കാണേണ്ടത്. സംസ്ഥാനത്തിന് അർഹമായ പരിഗണന ലഭിക്കുന്നില്ല. കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി വികസന പദ്ധതികൾ തടസ്സപ്പെടുത്തുന്നു. സംസ്ഥാനത്തിന്റെ ശക്തമായ പ്രതിരോധം ഇതിനെതിരെ ഉയരണമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.