മുഖ്യമന്ത്രിയുടെ മൈക്ക് തടസ്സം: കേസ് അവസാനിപ്പിച്ചതായി പൊലീസ് കോടതിയിൽ
text_fieldsതിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണയോഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോൾ മൈക്കിൽ തടസ്സമുണ്ടായ സംഭവത്തിൽ കേസ് അവസാനിപ്പിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. അനിയന്ത്രിതമായ ശബ്ദമാണ് നീണ്ട വിസിൽ ശബ്ദത്തിന് കാരണമെന്നും വേദിയുടെ മുന്നിലുണ്ടായിരുന്ന ഫോട്ടോഗ്രാഫർമാരിൽ ആരുടെയോ ബാഗിന്റെ വള്ളി വോളിയം കൺട്രോളറിൽ കുരുങ്ങിയതാണ് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇക്കാര്യത്തിൽ അസ്വാഭാവികതയില്ലാത്തതിനാൽ തുടർനടപടി അവസാനിപ്പിക്കുകയാണെന്നും കന്റോൺമെന്റ് എസ്.എച്ച്.ഒ ബി.എം. ഷാഫി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
25ന് വൈകീട്ട് അയ്യൻകാളി ഹാളിൽനടന്ന പരിപാടിയിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് 15 സെക്കന്‍ഡ് മൈക്കിൽനിന്ന് മുഴക്കം കേട്ടത്. മനഃപൂർവം തകരാറുണ്ടാക്കിയെന്ന് കാണിച്ച് കേരള പൊലീസ് ആക്ട് 2011, 118( ഇ) വകുപ്പ് പ്രകാരം പൊതുസുരക്ഷയിൽ പരാജയപ്പെടുക, പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
തുടർന്ന് മൈക്കും ആംപ്ലിഫയറും കേബിളുകളും കസ്റ്റഡിയിലെടുത്തു. പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥർ ഇവ പരിശോധിച്ചു. അസ്വാഭാവികതയില്ലെന്ന് കണ്ടതോടെ ബുധനാഴ്ച ഉപകരണങ്ങൾ തിരിച്ചുനൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.