ചികിത്സക്കിടെ കുട്ടി മരിച്ച സംഭവം: 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ ബാലാവകാശ കമീഷൻ ഉത്തരവ്; മരണകാരണം ആശുപത്രിയുടെ പിഴവെന്ന് കണ്ടെത്തൽ
text_fieldsപത്തനംതിട്ട: അനസ്തേഷ്യ നൽകിയ ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ബാലാവകാശ കമീഷൻ. ചികിത്സ പിഴവിനെതുടർന്നാണ് കുട്ടിയുടെ മരണമെന്ന് കണ്ടെത്തിയ കമീഷൻ, റാന്നി മാർത്തോമാ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കാനും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.
റാന്നി ഗവ. എം.ടി.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്ന റാന്നി അയിരൂർ വെള്ളിയറ താമരശേരിൽ ആരോൺ വി. വർഗീസ് (ആറ്) 2024 ഫെബ്രുവരിയിലാണ് റാന്നി മാർത്തോമാ ആശുപത്രിയിൽ മരിച്ചത്. പിന്നാലെ ചികിത്സപിഴവുമൂലമാണ് കുട്ടി മരിച്ചതെന്ന് പരാതി ഉയർന്നു. ഇതിൽ അന്വേഷണം നടത്തിയശേഷമാണ് നടപടി. ആരോൺ വി. വർഗീസിന്‍റ മാതാപിതാക്കൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം നൽകാനും ബാലാവകാശ കമീഷൻ ഉത്തരവിട്ടിട്ടുണ്ട്.
സ്കൂളിൽ കളിക്കുന്നതിനിടെ വീണാണ് ആരോണിന് പരിക്കേറ്റത്. തുടർന്ന് മാർത്തോമാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിക്ക് അനസ്തേഷ്യ നൽകിയതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമാകുകയും മരണപ്പെടുകയുമായിരുന്നു. അനസ്തേഷ്യയിലെ പിഴവാണ‌് മരണകാരണമെന്നായിരുന്നു ബന്ധുക്കളുടെ പരാതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.