അമ്മ കൊലപ്പെടുത്തിയ കുട്ടി ബന്ധുവിൽനിന്ന് നേരിട്ടത് കൊടിയ പീഡനം
text_fieldsകോലഞ്ചേരി: അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കുട്ടി അടുത്ത ബന്ധുവിൽനിന്ന് നേരിട്ടത് കൊടിയ പീഡനമെന്ന് പൊലീസ്. കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവായ പ്രതി അടുപ്പം മുതലെടുത്ത് നിരന്തരം ചൂഷണം ചെയ്തതായി സമ്മതിച്ചു. കുഞ്ഞിന്റെ പോസ്റ്റ്മോര്ട്ടത്തിലാണ് പീഡനവിവരം പുറത്തുവന്നത്.
കൊലപാതക കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടുമുമ്പാണ് പെൺകുഞ്ഞിന്റെ പോസ്റ്റ്മോർട്ടം വിവരങ്ങൾ പൊലീസിന് ലഭിച്ചത്. മൃതദേഹത്തിലെ ആദ്യഘട്ട പരിശോധനയിൽതന്നെ പീഡനത്തിന് ഇരയായതായി ഫോറൻസിക് സർജൻ കണ്ടെത്തിയിരുന്നു. ഒന്നോ രണ്ടോ വട്ടമല്ല, നിരന്തരം കുഞ്ഞിനെ ചൂഷണം ചെയ്തെന്നാണ് മനസ്സിലാകുന്നതെന്ന് ഇദ്ദേഹം പൊലീസിനെ അറിയിച്ചു.
ഈ റിപ്പോർട്ടിന് പിന്നാലെയാണ് പൊലീസ് ബന്ധുക്കളെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. കുഞ്ഞിന്റെ സംസ്കാരം പൂർത്തിയായ അന്ന് രാത്രിതന്നെ പിതാവിന്റെ അടുത്ത ബന്ധുക്കളെ ചോദ്യംചെയ്തു.
അടുത്ത ബന്ധുവിലേക്ക് സംശയം നീളുന്നതായിരുന്നു വീട്ടിലെ സ്ത്രീകൾ ഉൾപ്പെടെ പലരുടെയും മൊഴി. ആദ്യഘട്ടത്തിൽ ചോദ്യംചെയ്ത് ഇയാളെ വിട്ടയച്ചു. ബുധനാഴ്ച മറ്റ് രണ്ടു ബന്ധുക്കൾക്കൊപ്പം വീണ്ടും വിളിച്ചുവരുത്തി വിശദമായി ചോദ്യംചെയ്യുകയായിരുന്നു.
മറ്റു രണ്ടുബന്ധുക്കളെയും വിട്ടയച്ചെങ്കിലും ഇയാളെ പൊലീസ് വിശദമായി ചോദ്യംചെയ്തു. തെളിവുകൾ ഓരോന്നായി നിരത്തിയതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തനിക്ക് അബദ്ധം പറ്റിയെന്ന് പറഞ്ഞ് ഇയാൾ പൊട്ടിക്കരഞ്ഞതായും ഉദ്യോഗസ്ഥർ പറയുന്നു.
അച്ഛന്റെയും അമ്മയുടെയും പരിചരണം വേണ്ടവിധം ലഭിക്കാത്ത കുഞ്ഞ് ബന്ധുക്കൾക്കൊപ്പമായിരുന്നു കൂടുതൽ സമയവും ചെലവിട്ടത്.
ഇത് പ്രതി മുതലെടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ബന്ധുക്കളോടായിരുന്നു കുഞ്ഞിന് അടുപ്പമെന്ന് അമ്മയും പൊലീസിന് മൊഴി നൽകിയിരുന്നു. പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് സർജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. അടുത്ത ദിവസം അമ്മയെ വീണ്ടും ചോദ്യംചെയ്യുന്നതോടെ കൊലപാതക കാരണം സംബന്ധിച്ചും പീഡനം സംബന്ധിച്ചും കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസ് നിഗമനം.
കൊലപാതകം ചെങ്ങമനാട് പൊലീസും പോക്സോ കേസ് പുത്തൻകുരിശ് പൊലീസുമാണ് അന്വേഷിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.