ചൊക്രമുടി കൈയേറ്റം: നാല് പട്ടയങ്ങൾ റദ്ദാക്കി; കൈയേറ്റക്കാർക്കെതിരെ ക്രിമിനൽ കേസ്
text_fieldsതൊടുപുഴ: ബൈസൺവാലി പഞ്ചായത്തിലെ ചൊക്രമുടിയിൽ ഭൂമി കൈയേറിയ സംഭവത്തിൽ നാല് പട്ടയങ്ങൾ റദ്ദാക്കി. കൈയേറ്റക്കാർക്കെതിരെ ക്രിമിനൽ കേസ് അടക്കം നടപടികളും കൈക്കൊള്ളും. കൈയേറിയ 13.79 ഏക്കർ ഭൂമി സർക്കാറിലേക്ക് തിരിച്ചുപിടിച്ചതായും റവന്യൂ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
റദ്ദാക്കിയ പട്ടയങ്ങൾ നാലും ദേവികുളം താലൂക്കിലെ ബൈസൺവാലി വില്ലേജിൽ ഉൾപ്പെടുന്നതാണ്. ചൊക്രമുടിയിൽ ഭൂമി കൈയേറ്റം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു കൊണ്ട് റവന്യൂ മന്ത്രി കെ. രാജൻ അന്വേഷണത്തിന് നിർദേശിച്ചിരുന്നു.
ഈ സംഘം നടത്തിയ പരിശോധനയിലാണ് വ്യാജരേഖകൾ ഉപയോഗിച്ച് ഭൂമി കൈയേറ്റം നടന്നതായി സ്ഥിരീകരിക്കുന്ന റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണത്തിൽ കണ്ടെത്തിയ അപാകതകൾ ചൂണ്ടിക്കാട്ടി കുറ്റാരോപിതരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 1964ലെ കേരള ഭൂപതിവ് ചട്ടം 8 (2), 8 (3) എന്നിവ പ്രകാരം നടപടി സ്വീകരിച്ചത്.
കൃത്രിമ രേഖ ചമയ്ക്കൽ ഉൾപ്പെടെ കുറ്റങ്ങൾ ചുമത്തിയാണ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുക. അതേസമയം, ചൊക്രമുടിയിൽ അനധികൃതമായി നിർമിച്ച കുളം മന്ത്രി നിർദേശിച്ചിട്ടും പൊളിച്ചിട്ടില്ല. പരുന്തുംപാറയിലും വാഗമണ്ണിലും വൻതോതിൽ കൈയേറ്റം നടന്നതായ റിപ്പോർട്ട് പുറത്തുവന്നതിനിടെയാണ് ചൊക്രമുടിയിലെ കൈയേറ്റത്തിൽ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.