സിനിമ-സാംസ്കാരികക്കൂട്ടം തെരുവിൽ
text_fieldsകൊച്ചി: ‘ഒറ്റക്കല്ല ഒറ്റക്കെട്ട്’ എന്ന മുദ്രാവാക്യത്തോടെ കലാ, സാഹിത്യ, സാംസ്കാരിക, സിനിമ പ്രവർത്തകർ പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങി. എറണാകുളം രാജേന്ദ്ര മൈതാനിയിൽനിന്ന് ഫോർട്ട്കൊച്ചി വാസ്കോ സ്ക്വയർ വരെ പ്രകടനമായി നീങ്ങിയ ഇവർക്കൊപ്പം ആവേശത്തോടെ പൊതുജനങ്ങളും ചേർന്നതോടെ അത് ഭരണകൂടത്തിന് നാടിെൻറ താക്കീതായി.
സിനിമ, സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ കലക്ടിവ് ഫേസ്വണിെൻറ ആഭിമുഖ്യത്തിൽ രാജേന്ദ്ര മൈതാനത്തെ ഗാന്ധി സ്ക്വയറിൽ സംഗമിച്ച ശേഷമാണ് പ്രകടനമായി നീങ്ങിയത്. എഴുത്തുകാരൻ എൻ.എസ്. മാധവൻ, സിനിമ പ്രവർത്തകരായ കമൽ, രാജീവ് രവി, ആഷിഖ് അബു, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, ഷെയ്ൻ നിഗം, മണികണ്ഠൻ ആചാരി, ദിവ്യ ഗോപിനാഥ്, നിമിഷ സജയൻ, ഷഹബാസ് അമൻ, അൻവർ അലി, രഞ്ജിനി ഹരിദാസ്, പ്രകാശ് ബാരെ, സാഹിത്യ-സാംസ്കാരിക പ്രവർത്തകരായ എൻ.എം. പിയേഴ്സൺ, സി.ആർ. നീലകണ്ഠൻ, വി.എം. ഗിരിജ, പി.എഫ്. മാത്യൂസ്, ബോണി തോമസ്, എസ് ഹരീഷ്, മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. മാധവൻകുട്ടി തുടങ്ങിയവർ ഗാന്ധി സ്ക്വയറിലെ ചടങ്ങിൽ സംബന്ധിച്ചു.
രാജ്യമെങ്ങും അലയടിക്കുന്ന പ്രതിഷേധത്തിെൻറ തീവ്രത കാണാതിരിക്കാൻ കേന്ദ്രസർക്കാറാന് കഴിയില്ലെന്നും രാജ്യത്തെ ജനാധിപത്യ വിശ്വാസികളെ മുഴുവൻ ആശങ്കപ്പെടുത്തുന്ന നിയമം പിൻവലിക്കണമെന്നും എൻ.എസ്. മാധവൻ പറഞ്ഞു. പ്രതിഷേധത്തിന് ഇന്നത്തെ സാഹചര്യത്തിൽ ഏറെ പ്രസക്തിയുണ്ടെന്നും പൗരത്വ നിയമത്തിനെതിരായ രാജ്യത്തിെൻറ വികാരമാണ് പ്രകടമാകുന്നതെന്നും കമൽ അഭിപ്രായപ്പെട്ടു. ആജ്ഞാപിക്കുന്നത് മറ്റുള്ളവരാണെന്നിരിക്കെ അനുസരിക്കേണ്ട നമ്മുടെ നിലപാടിനാണ് പ്രധാന്യമെന്ന് ഷെയ്ൻ നിഗം പറഞ്ഞു. മനുഷ്യരാവുകയെന്നതാണ് പ്രധാനമെന്ന് ചൂണ്ടിക്കാട്ടിയ ഷഹബാസ് അമൻ, ആർക്കുവേണ്ടിയാണോ നാം അണിനിരക്കുന്നത് അവർക്കുവേണ്ടി പോരാടാനും ആഹ്വാനം ചെയ്തു. പൗരത്വനിയമത്തിൽ ഒരുവിഭാഗത്തെ മാറ്റിനിർത്തുമ്പോൾ അത് ജനാധിപത്യവിരുദ്ധമാണെന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു. ഇന്ത്യ ഇവിടുത്തെ ആെക ജനങ്ങളുടേതാണെന്നും ആർക്കെങ്കിലുമൊക്കെ വിട്ടുകൊടുക്കാനുള്ളതല്ലെന്നും നിമിഷ സജയൻ പറഞ്ഞു.
മുദ്രാവാക്യം വിളികളുമായി രാജേന്ദ്രമൈതാനിയിൽനിന്ന് ആരംഭിച്ച മാർച്ചിൽ കൂടുതൽ പേർ അണിനിരന്നു. ഫോർട്ട്കൊച്ചി വാസ്കോ സ്ക്വയറിൽ എത്തിച്ചേരുമ്പോൾ അവിടെയും അഭിവാദ്യമർപ്പിച്ച് നൂറുകണക്കിന് ആളുകൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഫോർട്ട്കൊച്ചിയിൽ നടന്ന സംഗീത സദസ്സിൽ ഊരാളി, ഷഹബാസ് അമൻ, കരിന്തലക്കൂട്ടം, രശ്മി സതീഷ്, പി.കെ. സുനിൽകുമാർ, ജോൺ പി.വർക്കി, പഞ്ചമി തിയറ്റേഴ്സ് എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. തൃശൂർ നാടകസംഘത്തിെൻറ ലഘുനാടകങ്ങൾ, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ പൂർവ വിദ്യാർഥികളുടെ പാവക്കൂത്ത് എന്നിവയും അരങ്ങേറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.