ചുമടെടുക്കാൻ മാത്രമല്ല, ജീവൻ രക്ഷിക്കാനും; 5000 ചുമട്ടുതൊഴിലാളികളുടെ റെഡ് ബ്രിഗേഡുമായി സി.ഐ.ടി.യു, സംസ്ഥാനതല ഉദ്ഘാടനം 31ന്
text_fieldsകോഴിക്കോട്: അടിയന്തരഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താൻ സന്നദ്ധരായി, വിദഗ്ധ പരിശീലനം ലഭിച്ച സി.ഐ.ടി.യുവിന്റെ 5000 റെഡ് ബ്രിഗേഡ്സ്. ഈ സന്നദ്ധ-സേവന സേനയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 31 വൈകീട്ട് നാലിന് എറണാകുളം മറൈൻ ഡ്രൈവിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിർവഹിക്കും.
ഒരാള്‍ക്ക് പരിക്കേറ്റാല്‍ അയാളെ അപകടസ്ഥലത്തു നിന്നെടുക്കുന്നത് മുതല്‍ ആശുപത്രിയിലെത്തിക്കുന്നതു വരെ പ്രത്യേകം പരിശീലനം നേടിയവരാണ് റെഡ് ബ്രിഗേഡിലുള്ളത്. പ്രാഥമിക ശുശ്രുഷക്ക് ആവശ്യമായ പരിശീലനവും റിട്ടയേർഡ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലനവും റെഡ് ബ്രിഗേഡിന് ലഭിച്ചു.
കൃത്യമായ പരിശീലനം നൽകി സി.ഐ.ടി.യുവിന്റെ കീഴിലെ ചുമട്ടു തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് റെഡ് ബ്രിഗേഡ് എന്ന പേരിൽ സന്നദ്ധസേനക്ക് രൂപംനൽകിയത്. ആദ്യ ഘട്ടമായി എറണാകുളം ജില്ലയിൽ ആയിരത്തോളം ചുമട്ടു തൊഴിലാളികൾക്ക് വിദഗ്ധ പരിശീലനം നൽകി. പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
എപ്പോഴും നിരത്തില്‍ ഉണ്ടാകുന്ന തൊഴിലാളികൾ ആയതിനാല്‍ വാഹനാപകടങ്ങളിൽ ഉള്‍പ്പെടെ പരിക്കേല്‍ക്കുന്നവരെ ശരിയായ രീതിയില്‍ ആശുപത്രികളിൽ എത്തിക്കാന്‍ റെഡ് ബ്രിഗേഡിനാവുമെന്നാണ് സി.ഐ.ടി.യുവിന്റെ വിലയിരുത്തൽ.
അടിയന്തര സാഹചര്യങ്ങളിളെല്ലാം ഓടിയെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരാണ് ചുമട്ടു തൊഴിലാളികൾ. ഓരോ പ്രദേശം കേന്ദ്രീകരിച്ചും ഇവരുടെ സാന്നിധ്യമുള്ളള്ളതിനാൽ പല അപകട സാഹചര്യത്തിലും പൊലീസിനും ഫയർ ഫോഴ്സിനും മുമ്പേ അവിടെ എത്താനും രക്ഷകരായി മാറാനും ഇവർക്ക് സാധിക്കാറുണ്ട്.
ഉദ്ഘാടന സമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ടി.പി. രാമകൃഷ്ണൻ, എളമരം കരീം, പി. രാജീവ്, വി. ശിവൻകുട്ടി, സി.എൻ. മോഹനൻ, എസ്. സതീഷ്, കെ. ചന്ദ്രൻ പിള്ള, കെ.എൻ. ഗോപിനാഥ് തുടങ്ങിയവർ പങ്കെടുക്കും.

