മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി കട്ടച്ചിറ പള്ളിയിൽ സംഘർഷാവസ്ഥ
text_fieldsകായംകുളം: സുപ്രീംകോടതി വിധിയിലൂടെ ഒാർത്തഡോക്സ് പക്ഷത്തിന് സ്വന്തമായ കറ്റാനം കട ്ടച്ചിറ പള്ളിയിൽ മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി വീണ്ടും സംഘർഷാവസ്ഥ. വിലാപയാത്രയായി എത്തിയ യാക്കോബായ വിശ്വാസികളെ പൊലീസ് തടഞ്ഞു. ഒരു മണിക്കൂറോളം റോഡിൽ കാത്തുനിന്നശേഷം മൃതദേഹവുമായി വീട്ടിലേക്ക് മടങ്ങി. പള്ളിയിൽ അടക്കാൻ അവസരം ലഭിക്കുംവരെ വീടിന് മുന്നിൽ കല്ലറ കെട്ടി സൂക്ഷിക്കുമെന്ന തീരുമാനത്തിലാണ് ബന്ധുക്കൾ.
ഭരണിക്കാവ് പള്ളിക്കൽ മഞ്ഞാടിത്തറ കിഴക്കേവീട്ടിൽ പരേതനായ രാജെൻറ ഭാര്യ കൊച്ചുമറിയാമ്മയുടെ (91) മൃതദേഹമാണ് സംസ്കരിക്കാനാകാതെ തിരികെ കൊണ്ടുപോകേണ്ടിവന്നത്. ആറുദിവസം മോർച്ചറിയിൽ സൂക്ഷിച്ചശേഷമാണ് സംസ്കാരത്തിന് തീരുമാനിച്ചത്. ശനിയാഴ്ച വൈകീട്ട് മൂന്നോടെ മൃതദേഹവും വഹിച്ചുവന്ന സംഘത്തെ പള്ളിക്ക് 100 മീറ്റർ അകലെ പൊലീസ് തടയുകയായിരുന്നു. കലക്ടർ വാക്കാൽ ഉറപ്പ് നൽകിയതനുസരിച്ചാണ് എത്തിയതെന്നും സംസ്കാരത്തിന് സൗകര്യം ഒരുക്കണമെന്നും യാക്കോബായക്കാർ ആവശ്യപ്പെട്ടു. ഒരു കാരണവശാലും പള്ളിയിൽ പ്രവേശിക്കാനാകില്ലെന്ന് ആർ.ഡി.ഒ ഉഷാകുമാരി അറിയിച്ചതോടെ പ്രതിഷേധമുയർന്നു.
ബന്ധുക്കളും സഭാ നേതാക്കളും ആർ.ഡി.ഒയുമായി ചർച്ച ചെയ്തെങ്കിലും നിലപാടിൽ മാറ്റമില്ലെന്ന സന്ദേശമാണ് നൽകിയത്. ഇതോടെയാണ് വീടിന് മുന്നിൽ കല്ലറ ഒരുക്കി മൃതദേഹം സൂക്ഷിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. യാക്കോബായ വിഭാഗത്തിെൻറ മൂന്നാംകുറ്റിയിലെ മരിയൻ തീർഥാടന കേന്ദ്രത്തിൽ എത്തിച്ച് പ്രാർഥന നടത്തിയ ശേഷമാണ് മൃതദേഹം വീട്ടിേലക്ക് മാറ്റിയത്. ആദ്യമായാണ് ഇവിടെ മൃതദേഹം കയറ്റുന്നതെന്ന പ്രത്യേകതയുമുണ്ട്. സംഭവത്തെ തുടർന്ന് ഒരു മണിക്കൂറോളം കെ.പി റോഡിൽ ഗതാഗതവും മുടങ്ങി.
ജില്ല ഭരണകൂടം നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടെന്നും ഇതിനെതിരെ വരുംദിവസങ്ങളിൽ പ്രതിഷേധം ഉയരുമെന്നും യാക്കോബായവിഭാഗം ഭദ്രാസന സെക്രട്ടറി ഫാ. ജോർജി ജോൺ, ഇടവക വികാരി ഫാ. റോയ് ജോർജ്, ഫാ. രാജുജോൺ, ഫാ. സാബു ശാമുവൽ, ഡീക്കൻ തോമസ് കയ്യത്ര, ട്രസ്റ്റി അലക്സ് എം. ജോർജ് എന്നിവർ അറിയിച്ചു. ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ് വി. കോര, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.കെ. ബിനുകുമാർ തഹസിൽദാർ സന്തോഷ്കുമാർ, സി.െഎ പി. ശ്രീകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.